ഫൈനലിൽ പിറന്ന ഗോളുകളെല്ലാം അർജന്റീന താരങ്ങളുടേത്, കോപ്പ ഇറ്റാലിയ ഇന്റർ മിലാനു സ്വന്തം

ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ഇന്റർ മിലാൻ മറ്റൊരു കിരീടം കൂടി സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ ഫിയോറെന്റീനയെ കീഴടക്കി കോപ്പ ഇറ്റാലിയ കിരീടമാണ് ഇന്റർ മിലാൻ സ്വന്തമാക്കിയത്. നേരത്തെ ഇറ്റാലിയൻ സൂപ്പർകപ്പ് എസി മിലാനെ കീഴടക്കി സ്വന്തമാക്കിയ ഇന്റർ ഈ സീസണിൽ രണ്ടാമത്തെ കിരീടമാണ് സ്വന്തം തട്ടകത്തിലെത്തിച്ചത്.

രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്റർ മിലാനെ ഞെട്ടിച്ച് ഫിയോറെന്റീനയാണ് മത്സരത്തിൽ മുന്നിലെത്തിയത്. മൂന്നാം മിനുട്ടിൽ അർജന്റീന താരം നിക്കോ ഗോൺസാലസാണ് ഫിയോറെന്റീനക്കായി ഗോൾ നേടിയത്. കോൺഫറൻസ് ലീഗ് ഫൈനലിലെത്തിയ ടീം ഇന്ററിനെ അട്ടിമറിക്കുമോയെന്ന് സംശയിച്ചെങ്കിലും അവരുടെ സന്തോഷത്തിനു അധികം ആയുസുണ്ടായിരുന്നില്ല.

ഇരുപത്തിയൊമ്പതാം മിനുട്ടിൽ ബ്രോസോവിച്ചിന്റെ പാസ് സ്വീകരിച്ച് മികച്ചൊരു ഫിനിഷിംഗിലൂടെ ഇന്റർ മിലൻറെ ഹീറോയായ ലൗടാരോ മാർട്ടിനസ് സമനില ഗോൾ നേടി. എട്ടുമിനുട്ടിനകം താരത്തിന്റെ തന്നെ വകയായി വിജയഗോളും പിറന്നു. ബാരല്ല നൽകിയ ക്രോസ് ഒരു അക്രോബാറ്റിക് ഫിനിഷിലൂടെ താരം വലയിലെത്തിച്ചാണ് വിജയഗോൾ നേടിയത്.

ഇന്റർ മിലാനു വേണ്ടി നൂറു ഗോളുകളെന്ന നേട്ടവും ലൗടാരോ മാർട്ടിനസ് ഇന്നലത്തെ മത്സരത്തോടെ സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയ ഇന്റർ മിലാനെ സംബന്ധിച്ച് ഈ കിരീടനേട്ടം ആത്മവിശ്വാസം നൽകുന്ന ഒന്നാണ്. മാഞ്ചസ്റ്റർ സിറ്റിയെ ഫൈനലിൽ അട്ടിമറിക്കാനുള്ള കരുത്തുണ്ടെന്ന് ഇന്റർ മിലാൻ ഓരോ മത്സരത്തിലും തെളിയിക്കുന്നു.

അതേസമയം തോറ്റെങ്കിലും ഈ സീസണിൽ ഒരു കിരീടം നേടാമെന്ന പ്രതീക്ഷ ഫിയോറെന്റീനക്കുണ്ട്. യുവേഫ കോൺഫറൻസ് ലീഗ് ഫൈനലിലെ ഒരു ടീം ഫിയോറെന്റീനയാണ്. നിക്കോ ഗോൺസാലസിന്റെ മികച്ച പ്രകടനമാണ് ടീമിന്റെ കരുത്ത്. സെമി ഫൈനലിൽ താരം നേടിയ ഗോളുകളാണ് ഫൈനലിലേക്ക് ഫിയോറെന്റീനയെ എത്തിച്ചത്.