ചിലിയെ ഒരു ഗോളിന് പരാജയപ്പെടുത്തി അര്ജന്റീന കോപ്പ അമേരിക്ക ക്വാർട്ടറിൽ | Copa America 2024

കോപ്പ അമേരിക്കയിലെ രണ്ടാം മത്സരത്തിൽ വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന . ചിലിയെ 88 ആം മിനുട്ടിൽ ലൗടാരോ മാർട്ടിനെസ് നേടിയ ഏക ഗോളിനാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. വിജയത്തോടെ ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ അര്ജന്റീനക്ക് സാധിച്ചു.

രണ്ടു മാറ്റവുമായാണ് ചിലിയെ നേരിടാൻ അര്ജന്റീന ടീം ഇറങ്ങിയത് . ഏഞ്ചൽ ഡി മരിയക്ക് പകരം നിക്കോളാസ് ഗോൺസാലസ് ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചപ്പോൾ ലിയാൻഡ്രോ പരേഡസിന് പകരം എൻസോ ടീമിലെത്തി . മത്സരത്തിന്റെ ആദ്യ പകുതിയിൽ ബോൾ പൊസിഷനിൽ ആധിപത്യം പുലർത്തിയെങ്കിലും കാര്യമായ ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ അർജന്റീനക്ക് സാധിച്ചില്ല. മത്സരത്തിന്റെ 22 ആം മിനുട്ടിൽ ജൂലിയൻ അൽവാരസിന്റെ ഗോൾ ശ്രമം ചിലിയൻ കീപ്പർ ഒരു മികച്ച സേവ് പുറത്തെടുത്ത് ശ്രമം പരാജയപ്പെടുത്തുകയും ചെയ്തു.

36 ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ ലോങ്ങ് റേഞ്ച് ഷോട്ട് പുറത്തേക്ക് പോയി. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിൽ അർജന്റീനയുടെ ഭാഗത്ത് നിന്നും കൂടുതൽ മുന്നേറ്റങ്ങൾ കാണാൻ സാധിച്ചു.നഹുവൽ മോലിനയുടെ ഒരു ഗോൾ ശ്രമം ചിലിലയൻ കീപ്പർ ക്ലോഡിയോ ബ്രാവോ ഉജ്ജ്വലമായ ഒരു സേവിലൂടെ തടുത്തു. 61 ആം മിനുട്ടിൽ നിക്കോളാസ് ഗോൺസാലസിന്റെ ഷോട്ട് വിഫലമായി പോയി. 72 ആം മിനുട്ടിൽ ഒരു വലിയ അവസരം ചിലിയൻ താരം റോഡ്രിഗോ എച്ചെവേരിയ പാഴാക്കി.എമിലിയാനോ മാർട്ടിനെസ് ഒരു മികച്ച സേവ് നടത്തി അർജന്റീനയെ രക്ഷപെടുത്തി.

76 ആം മിനുട്ടിലും റോഡ്രിഗോ എച്ചെവേരിയയുടെ ഒരു ലോ വോളിയിൽ ഗോൾകീപ്പർ മാർട്ടിനെസ് ഒരു മിന്നുന്ന സേവ് നടത്തി. 88 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ലൗടാരോ മാർട്ടിനെസ് നേടിയ ഗോളിൽ അര്ജന്റീന ലീഡ് നേടി. ഇന്ജുറ്റി ടൈമിൽ ലോട്ടാരോ മാർട്ടിനെസിന്റെ ഷോട്ട് ചിലിയൻ കീപ്പർ അത്ഭുതകരമായ സേവിലൂടെ തടഞ്ഞു.