സുവാരസിനൊപ്പം മറ്റൊരു മുൻ ബാഴ്‌സ താരത്തെയും മെസ്സി ഇന്റർമയാമിയിൽ എത്തിക്കാൻ ഒരുങ്ങുന്നു.

ലോക ഫുട്ബോളിൽ ഏറ്റവും മികച്ച കൂട്ടുകെട്ടിൽ ഒന്നാണ് ലയണൽ മെസ്സിയും സുവാരസ്സും. ബാഴ്സലോണയിൽ ആയിരുന്നപ്പോൾ മെസ്സിയും സുവാരസ്സും ഒരുപാട് നേട്ടങ്ങൾ കൊയ്തിട്ടുണ്ട്, കൂടെ നെയ്മർ കൂടി സമാഗമിച്ചപ്പോൾ പിന്നീട് ഫുട്ബോൾ ലോകം കണ്ടത് എക്കാലത്തെയും മികച്ച ‘ട്രിയോ’ ആയിരുന്നു.

പിന്നീട് നെയ്മറും ലയണൽ മെസ്സിയും പിഎസ്ജി യിൽ ഒരുമിക്കാൻ കഴിഞ്ഞിരുന്നെങ്കിലും സുവാരസിനോടൊപ്പം ഒരുമിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ പിഎസ്ജിയിൽ നിന്നും ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലും നെയ്മർ സൗദി ക്ലബ്ബായ അൽ ഹിലാലിലും ചേർന്നതോടെ ആ കൂട്ടുകെട്ട് വീണ്ടും പിരിഞ്ഞു.

എങ്കിലും ലയണൽ മെസ്സി തന്റെ മുൻ കൂട്ടുകാരനായ ലൂയിസ് സുവാരസിനെ തന്നോടൊപ്പം കളിക്കാൻ ക്ഷണിച്ചിരിക്കുകയാണ്. നിലവിൽ ലൂയിസ് സുവാരസ് ബ്രസീലിയൻ ക്ലബ് ഗ്രെമിയോക്ക് വേണ്ടിയാണ് കളിക്കുന്നത്. ലൂയിസ് സുവാരസിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് നിലവിലെ ക്ലബ്ബിന്റെ പരിശീലകൻ ചില അഭിപ്രായപ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.

ലൂയിസ് സുവാരസിനെ ഇനി നിലനിർത്തണമെങ്കിൽ അത്ഭുതങ്ങൾ വല്ലതും സംഭവിക്കേണ്ടി വരും, അടുത്ത വർഷത്തേക്കുള്ള പദ്ധതികൾ സുവാരസ് തയ്യാറാക്കിയിട്ടുണ്ട് എന്നാണ് നസിയോനൾ ക്ലബ്ബിന്റെ പരിശീലകൻ അഭിപ്രായപ്പെടുന്നത്. എംഎൽഎസിൽ മെസ്സിക്കൊപ്പം കളിക്കാനുള്ള താല്പര്യം ഇതിനു മുൻപ് തന്നെ സുവാരസ് പ്രകടിപ്പിച്ചിട്ടുണ്ട്.

ഇന്റർ മിയാമിയുമായുള്ള തന്റെ രണ്ടാം സീസണിന് മുന്നോടിയായി മെസ്സി വീണ്ടും ഒന്നിക്കാൻ ആഗ്രഹിക്കുന്ന തന്റെ മുൻ ടീമംഗങ്ങളിൽ സുവാരസ് മാത്രമല്ല. ക്രൊയേഷ്യൻ മിഡ്ഫീൽഡർ ഇവാൻ റാക്കിറ്റിച്ചിനെ ടീമിലെത്തിക്കാൻ അർജന്റീനക്കാരൻ ഡേവിഡ് ബെക്കാമിനോട് വ്യക്തിപരമായ അഭ്യർത്ഥന നടത്തിയതായി എൽ ഗോൾ ഡിജിറ്റൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.