സൗദി അറേബ്യയെ പിടിച്ചുലക്കാൻ ക്രിസ്റ്റ്യാനോയെത്തുന്നു, പ്രസന്റേഷന്റെ കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനവുമായി  അൽ നസ്ർ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്ത വിവരം സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ അനൗൺസ് ചെയ്തപ്പോൾ തന്നെ ലോക ഫുട്ബോളിൽ വലിയ ഞെട്ടൽ സംഭവിച്ചിരുന്നു. റൊണാൾഡോയെ പോലെയുള്ള ഒരു താരത്തെ എത്തിക്കുന്നത് സൗദി അറേബ്യക്ക് തന്നെ അഭിമാന അർഹമായ ഒരു കാര്യമാണ്. വലിയ ആഘോഷങ്ങളോടുകൂടിയാണ് അവരുടെ ആരാധകർ ഈ തീരുമാനത്തെ വരവേറ്റിരിക്കുന്നത്.

റൊണാൾഡോയുടെ ജേഴ്സി വില്പന ഇപ്പോൾ തകൃതിയായി സൗദി അറേബ്യയിൽ നടക്കുന്നുണ്ട്. മാത്രമല്ല അൽ നസ്റിന്റെ കഴിഞ്ഞ മത്സരത്തിനിടെ ആരാധകർ റൊണാൾഡോയുടെ സെലിബ്രേഷൻ അനുകരിച്ചതും വലിയ രൂപത്തിൽ ചർച്ചയായിരുന്നു. അതിനേക്കാളുപരി സോഷ്യൽ മീഡിയയിൽ വലിയ മുന്നേറ്റമാണ് അൽ നസ്സ്ർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.ഫോളോവേഴ്സിന്റെ കാര്യത്തിൽ വൻ കുതിച്ചുചാട്ടം ഇപ്പോൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രസന്റേഷന്റെ കാര്യത്തിൽ ഇപ്പോൾ അൽ നസ്ർ ഒഫീഷ്യൽ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. നാളെയാണ് റൊണാൾഡോയെ ക്ലബ്ബ് കാണികൾക്ക് മുന്നിൽ അവതരിപ്പിക്കുക. ഇന്ന് റൊണാൾഡോ സൗദി അറേബ്യൻ നഗരമായ റിയാദിൽ എത്തും.തന്റെ സ്വകാര്യ വിമാനത്തിലാണ് റൊണാൾഡോ സൗദിയിലേക്ക് പറന്നിറങ്ങുക.

റിയാദിലെ അൽ നസ്‌റിന്റെ മൈതാനമായ മർസൂൽ പാർക്കിൽ വെച്ചാണ് റൊണാൾഡോയുടെ അവതരണം നടക്കുക.വലിയ രൂപത്തിലുള്ള കാണികൾ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം റൊണാൾഡോ ടീമിനൊപ്പം പരിശീലനം നടത്തിയേക്കും. വ്യാഴാഴ്ച നടക്കുന്ന അൽ നസ്റിന്റെ അടുത്ത മത്സരത്തിൽ തന്നെ റൊണാൾഡോ തന്റെ അരങ്ങേറ്റം നടത്തുമോ എന്നുള്ള കാര്യത്തിൽ ഉറപ്പില്ല.

വ്യാഴാഴ്ച അരങ്ങേറ്റം ഉണ്ടായിട്ടില്ലെങ്കിൽ പിന്നീട് നടക്കുന്ന മത്സരത്തിൽ റൊണാൾഡോ തന്റെ അരങ്ങേറ്റം നിർവഹിച്ചേക്കും.പതിനാലാം തീയതിയാണ് ആ മത്സരം നടക്കുക. റൊണാൾഡോയെ കാണാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സൗദി അറേബ്യൻ ഫുട്ബോൾ ആരാധകർ ഉള്ളത്.