ഞാനാഗ്രഹിച്ച വേൾഡ് കപ്പ് അല്ല സംഭവിച്ചത് : തുറന്നു പറച്ചിലുമായി അർജന്റീന സൂപ്പർതാരം

കഴിഞ്ഞ കോപ്പ അമേരിക്കയിലും ഖത്തർ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലുമൊക്കെ അർജന്റീനയുടെ കുന്തമുനയായ താരങ്ങളിൽ ഒരാളാണ് ലൗറ്ററോ മാർട്ടിനസ്. പരിശീലകനായ ലയണൽ സ്‌കലോണി ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ താരം കൂടിയാണ് ലൗറ്ററോ. അത്രയേറെ ഗോളുകൾ ഈ പരിശീലകന് കീഴിൽ അടിച്ചു കൂട്ടാൻ ഈ ഇന്റർ മിലാൻ താരത്തിന് കഴിഞ്ഞിരുന്നു. വേൾഡ് കപ്പിലും അത് തുടരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.

പക്ഷേ നേർവിപരീതമാണ് സംഭവിച്ചിട്ടുള്ളത്.ലൗറ്ററോ ഗോൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഒരു കാഴ്ച ഖത്തറിൽ കണ്ടു.മാത്രമല്ല പല അവസരങ്ങളും അദ്ദേഹം പാഴാക്കിയതോടുകൂടി പരിശീലകന് മാറി ചിന്തിക്കേണ്ട അവസ്ഥ വന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ ജൂലിയൻ ആൽവരസ് അദ്ദേഹത്തിന്റെ സ്ഥാനം കൈക്കലാക്കി. നല്ല പ്രകടനം പുറത്തെടുക്കുകയും ഗോളുകൾ നേടുകയും ചെയ്തുതോട് കൂടി ജൂലിയൻ ആൽവരസ് സ്ഥിരമാവുകയും ചെയ്തു.

വേൾഡ് കപ്പ് കിരീടം നേടിയെങ്കിലും ലൗറ്ററോ പൂർണ്ണമായും ഹാപ്പിയല്ല എന്നുള്ളതാണ് അദ്ദേഹം ഇപ്പോൾ പറഞ്ഞ വാക്കുകളിൽ നിന്നും വ്യക്തമാവുന്നത്. അതായത് താൻ ആഗ്രഹിച്ച രൂപത്തിലുള്ള ഒരു വേൾഡ് കപ്പ് അല്ല തനിക്ക് ലഭിച്ചത് എന്നാണ് ഈ സ്ട്രൈക്കർ അറിയിച്ചിട്ടുള്ളത്. തനിക്ക് പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കൂടാതെ തന്റെ സഹതാരങ്ങൾ നല്ല രൂപത്തിൽ കളിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും ലൗറ്ററോ കൂട്ടിച്ചേർത്തു.

‘ വേൾഡ് കപ്പ് കിരീടം നേടുക എന്നുള്ളത് എന്റെ ഒരു സ്വപ്നമായിരുന്നു.ആ സ്വപ്നം സത്യമായിരിക്കുന്നു.പക്ഷേ ഞാൻ ആഗ്രഹിച്ച രൂപത്തിൽ ഉള്ള ഒരു വേൾഡ് കപ്പ് അല്ല എനിക്ക് ലഭിച്ചത്.പ്രതീക്ഷിച്ച രൂപത്തിൽ അല്ല എനിക്ക് വേൾഡ് കപ്പിന് എത്താനായത്.എനിക്ക് പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ വേദനസംഹാരികൾ ഉപയോഗിക്കേണ്ടിവന്നു. പക്ഷേ എന്റെ സഹതാരങ്ങൾ മുന്നോട്ട് വരികയും മികച്ച രൂപത്തിൽ കാര്യങ്ങളെ കൈകാര്യം ചെയ്യുകയും ചെയ്തു.അതിൽ ഞാൻ ഹാപ്പിയാണ്. കളത്തിന് പുറത്താണെങ്കിൽ പോലും ഞാൻ എന്നെക്കൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട് ‘ ലൗറ്ററോ പറഞ്ഞു.

ബെഞ്ചിൽ ഇരിക്കുന്ന സമയത്ത് പോലും തന്റെ സ്ഥാനത്ത് കളിക്കുന്ന ജൂലിയൻ ആൽവരസിനെ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന ലൗറ്ററോയെ നമുക്ക് കാണാൻ കഴിഞ്ഞിരുന്നു. വേൾഡ് കപ്പിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും ഒരു കാരണവശാലും എഴുതിത്തള്ളാൻ കഴിയാത്ത താരമാണ് ഈ സൂപ്പർ സ്ട്രൈക്കർ.