‘ഇതെനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല’ : അത്ഭുത ഗോളിന് പ്രതികരണവുമായി അലെജാൻഡ്രോ ഗാർനാച്ചോ | Alejandro Garnacho

ഇന്നലെ ഗുഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ മൂന്ന് മിനിറ്റിനുള്ളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അലെജാൻഡ്രോ ഗാർനാച്ചോ ഒരു തകർപ്പൻ ഓവർഹെഡ് കിക്ക് ഗോളാക്കി മാറ്റിയിരുന്നു.

മാർക്കസ് റാഷ്‌ഫോർഡ് ഡിയോഗോ ഡലോട്ടിന് പാസ് നൽകി, പെനാൽറ്റി ഏരിയയിലേക്ക് ഒരു ഡീപ് ക്രോസ് നൽകി അവിടെ അർജന്റീനിയൻ ഒരു മാന്ത്രിക ഓവർഹെഡ് കിക്കിലൂടെ പന്ത് ഗോളിൽ നിന്ന് 15 വാര അകലെ ഗോൾ പോസ്റ്റിന്റെ കോണിലേക്ക് പറത്തി, എവർട്ടൺ ആരാധകരെ പോലും ആ ഗോൾ അമ്പരപ്പിച്ചു.

2011ൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ വെയ്ൻ റൂണി നേടിയ ഗോളിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഗാർനാച്ചോയുടെ വണ്ടർ ഗോൾ – താൻ ലൈവ് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഗോളായിരുന്നു അതെന്ന് ഗാരി നെവിൽ സ്കൈ സ്പോർട്സ് കമന്ററിയിൽ പറഞ്ഞു.

പ്രീമിയർ ലീഗ് പത്ത് പോയിന്റ് വെട്ടി കുറച്ചതിന് ശേഷം എവർട്ടണിന്റെ ആദ്യ മത്സരമായിരുന്നു. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ മത്സരത്തിൽ വിജയിച്ചത്. കളിയുടെ മൂന്നാം മിനിറ്റിൽ ഗർണാച്ചോ നേടിയ വണ്ടർ ഗോളിന് ശേഷം മത്സരത്തിന്റെ 56 മിനിട്ടിൽ മാർഷ്യലിനെ ചെയ്ത ഫൗളിൽ ലഭിച്ച പെനാൽറ്റി റാഷ്ഫോർഡ് ലക്ഷ്യത്തിലെത്തിച്ചു. കളിയുടെ 75മത്തെ മിനിട്ടിൽ മാർഷ്യൽ ചെകുത്താന്മാരുടെ മൂന്നാം ഗോൾനേടി പട്ടിക പൂർത്തിയാക്കി.

വണ്ടർ ഗോൾ നേടിയശേഷം അർജന്റീന താരം ഗർണച്ചോ നടത്തിയ ക്രിസ്ത്യാനോ റൊണാൾഡോയുടെ ഐക്കോണിക് siiuu സെലിബ്രേഷൻ വൈറലാണ്. തന്റെ ഏറ്റവും മികച്ച ഗോൾ നേടിയശേഷം അർജന്റീന താരം ഇങ്ങനെ പ്രതികരിച്ചു.
“സത്യം പറഞ്ഞാൽ ഇതെനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല,ഞാൻ എങ്ങനെയാണ് സ്കോർ ചെയ്തതെന്ന് ഞാൻ കണ്ടില്ല, ഞാൻ കാണികളുടെ ആരവമാണ് കേട്ടത്, അപ്പോൾ തന്നെ ഞാൻ ‘ദൈവമേ..’ എന്ന് വിളിച്ചു, ഇത് നവംബർ ആയിട്ടുള്ളൂ, ഒരുപക്ഷേ സീസണിലെ ഏറ്റവും മികച്ച ഗോളായേക്കും ” ഗർണാച്ചോ പറഞ്ഞു.