എപ്പോഴും ക്രിസ്റ്റ്യാനോക്ക് ബോൾ നൽകാൻ ശ്രമിക്കേണ്ട : താരങ്ങൾക്ക് നിർദേശവുമായി അൽ നസ്ർ പരിശീലകൻ

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അൽ നസ്റിൽ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ ഇത്തിഫാക്കിനെതിരെ തന്റെ അരങ്ങേറ്റം പൂർത്തിയാക്കിയിരുന്നു.മത്സരത്തിൽ ഗോളോ അസിസ്റ്റോ നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പക്ഷേ വിജയിച്ചു കൊണ്ട് തുടങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.ടാലിസ്‌ക്ക നേടിയ ഏക ഗോളിൽ അൽ നസ്ർ വിജയം കരസ്ഥമാക്കുകയായിരുന്നു.

മത്സരത്തിൽ മോശമല്ലാത്ത രീതിയിൽ കളിക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. റൊണാൾഡോ വന്നതോടുകൂടി അൽ നസ്ർ താരങ്ങൾ അദ്ദേഹത്തിലേക്ക് കൂടുതൽ പന്തെത്തിച്ചു കൊണ്ട് ഗോളുകൾ നേടാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.ഇത്തിഫാക്കി നെതിരെയുള്ള മത്സരത്തിൽ പലപ്പോഴും അത് കാണുകയും ചെയ്തിരുന്നു. അതിനെതിരെ ക്ലബ്ബിന്റെ പരിശീലകനായ റൂഡി ഗാർഷ്യ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.

അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തന്നെ എപ്പോഴും പാസ് നൽകാൻ അൽ നസ്ർ താരങ്ങൾ ശ്രമിക്കേണ്ടതില്ല എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. വ്യത്യാസങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ള ടാലിസ്‌ക്ക ഉൾപ്പെടെയുള്ള താരങ്ങൾ ടീമിൽ ഉണ്ടെന്നും പരിശീലകൻ ഓർമിപ്പിച്ചു. ആ മത്സരത്തിനുശേഷം സംസാരിക്കുകയായിരുന്നു റൂഡി ഗാർഷ്യ.

‘ താരങ്ങൾ സാധാരണ രീതിയിൽ കളിക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.എപ്പോഴും റൊണാൾഡോക്ക് ബോൾ നൽകാൻ അവർ ശ്രമിക്കേണ്ടതില്ല. കളത്തിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ ഞാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരാണോ കളത്തിൽ തനിച്ചു നിൽക്കുന്നത്, ആരാണോ ബോൾ ആവശ്യപ്പെടുന്നത്, അത് റൊണാൾഡോ ആണെങ്കിലും ടാലിസ്‌ക്കയാണെങ്കിലും അവർക്ക് ബോൾ നൽകണം. രണ്ട് താരങ്ങളും വ്യത്യാസങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ള താരങ്ങളാണ്. ചില സമയങ്ങളിൽ രണ്ടുപേരും ബോക്സിനകത്ത് ഉണ്ടാവാറില്ല. അത് പരിഹരിക്കണം. ഏതെങ്കിലും ഒരു താരം ബോക്സിനകത്തും മറ്റൊരു താരം ബോക്സിന് വെളിയിലുമായി കളിക്കേണ്ട രീതിയിലേക്ക് ഞങ്ങൾ മാറണം ‘ അൽ നസ്ർ പരിശീലകൻ പറഞ്ഞു

അതായത് റൊണാൾഡോയെ മാത്രം കേന്ദ്രീകരിച്ച് കളിക്കേണ്ടതില്ല എന്നാണ് പരിശീലകൻ വ്യക്തമാക്കിയിട്ടുള്ളത്.അല്ലാതെ തന്നെ റൊണാൾഡോക്ക് വ്യത്യസ്തതകൾ സൃഷ്ടിക്കാൻ കഴിയും എന്നും ഇദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു.റൊണാൾഡോക്ക് സൗദി ലീഗിൽ തിളങ്ങാൻ കഴിയും എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ആരാധകർ വിശ്വസിക്കുന്നത്.