❛പണമല്ല വലുത് ❜ അൽ-നസ്റിന്റെ ഓഫർ നിരസിച്ച് റയൽ മാഡ്രിഡിന്റെ സൂപ്പർ താരം
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത് ആരാധകർക്ക് വിശ്വസിക്കാൻ കഴിയാത്ത വാർത്തയായിരുന്നു. നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് റൊണാൾഡോ അൽ നസ്ർ ക്ലബിൽ എത്തിയത്. സ്പോൺസർഷിപ്പ് ഡീലുകൾ ഉൾപ്പെടെ ഏതാണ്ട് ഇരുനൂറു മില്യൺ യൂറോ പ്രതിവർഷം പ്രതിഫലമായി വാങ്ങുന്ന കരാറിൽ ഒപ്പിട്ട താരം മെഡിക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വേണ്ടി സൗദി അറേബ്യയിൽ എത്തിയിട്ടുണ്ട്.
അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ ഒതുങ്ങുന്നതല്ല അൽ നസ്റിന്റെ പദ്ധതികൾ. വേറെയും നിരവധി സൂപ്പർതാരങ്ങളെ യൂറോപ്പിൽ നിന്നും സൗദി ലീഗിലേക്കെത്തിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. അതിലൊരാൾ റയൽ മാഡ്രിഡ് താരമായ ലൂക്ക മോഡ്രിച്ചാണ്. മുപ്പത്തിയേഴുകാരനായ മോഡ്രിച്ചിനു വേണ്ടി അൽ നസ്ർ ഓഫർ നൽകിയെങ്കിലും അത് താരം നിഷേധിച്ചുവെന്നാണ് മാർക്ക റിപ്പോർട്ടു ചെയ്യുന്നത്. സൗദി അറേബ്യൻ ക്ലബ്ബിലേക്ക് പോയാൽ കനത്ത തുക പ്രതിഫലം ലഭിക്കുമെങ്കിലും റയൽ മാഡ്രിഡിൽ തന്നെ തുടരാനാണ് മോഡ്രിച്ച് ഒരുങ്ങുന്നത്.
റയൽ മാഡ്രിഡുമായുള്ള മോഡ്രിച്ചിന്റെ കരാർ ഈ വർഷത്തോടു കൂടി അവസാനിക്കാൻ പോവുകയാണ്. എന്നാൽ കരാർ അവസാനിക്കുന്നതിനു മുൻപ് അത് ഒരു വർഷത്തേക്കു കൂടി പുതുക്കി നൽകുകയാണ് റയൽ മാഡ്രിഡ് നേതൃത്വം ചെയ്യാറുള്ളത്. ഈ സീസണിലും മികച്ച പ്രകടനം നടത്തുന്ന, ലോകകപ്പിൽ ക്രൊയേഷ്യക്കു മൂന്നാം സ്ഥാനം നേടിക്കൊടുത്ത മോഡ്രിച്ചിനെ റയൽ മാഡ്രിഡ് നിലനിർത്തുമെന്നുറപ്പാണ്. തന്റെ പദ്ധതികളിൽ മോഡ്രിച്ച് നിർണായക സാന്നിധ്യമാണെന്ന് റയൽ പരിശീലകൻ കാർലോ ആൻസലോട്ടിയും വ്യക്തമാക്കിയിട്ടുണ്ട്.
🚨💣 After Cristiano Ronaldo, Al Nassr want to sign Luka Modrić in the summer. Modrić has already rejected that option. He only wants Real Madrid. @marca pic.twitter.com/CmWDV0JVYI
— Madrid Xtra (@MadridXtra) January 1, 2023
കരാർ അവസാനിക്കാനിരിക്കെ സൗദിയിൽ നിന്നും മാത്രമല്ല, അമേരിക്കൻ ലീഗിൽ നിന്നുമുള്ള വമ്പൻ ഓഫറും താരം തഴഞ്ഞിട്ടുണ്ട്. റയൽ മാഡ്രിഡ് വിടാനുള്ള സാഹചര്യം വന്നു ചേർന്നാൽ ഈ ഓഫറുകൾ മോഡ്രിച്ച് പരിഗണിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ അടുത്ത സീസൺ വരെ താരം ലോസ് ബ്ലാങ്കോസിനൊപ്പം തന്നെ തുടരാനാണ് സാധ്യത. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗും ലാ ലിഗയും നേടിയ ലൂക്ക മോഡ്രിച്ച് ഈ സീസണിലും ആ നേട്ടം ആവർത്തിക്കാനുള്ള ലക്ഷ്യത്തിലായിരിക്കും.