ക്രിസ്ത്യാനോ റൊണാൾഡോയുടെ ഉപദേശപ്രകാരം മറ്റൊരു സൂപ്പർതാരത്തെ കൂടി സൗദിയിൽ എത്തിക്കും

സൗദി ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതിനു പിന്നാലെ തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെയും ടീമിലെത്തിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ശ്രമിക്കുന്നുവെന്നു റിപ്പോർട്ടുകൾ. സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം പോർച്ചുഗൽ സഹതാരമായ പെപ്പെയെ സൗദി ക്ലബിലെത്തിക്കാനാണ് റൊണാൾഡോ ശ്രമം നടത്തുന്നത്. നാൽപതു വയസിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന പെപ്പെ നിലവിൽ പോർച്ചുഗീസ് ക്ലബായ പോർട്ടോയുടെ താരമാണ്. റയൽ മാഡ്രിഡിലും ഇവർ ഒരുമിച്ച് കളിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് റൊണാൾഡോയെ അൽ നസ്ർ ക്ലബ് ആരാധകരുടെ മുന്നിൽ അവതരിപ്പിച്ചത്. യൂറോപ്യൻ ഫുട്ബോളിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കി റെക്കോർഡുകൾ വാരിക്കൂട്ടിയ താൻ ഇനി സൗദി ക്ലബിനൊപ്പം റെക്കോർഡുകൾ സ്വന്തമാക്കാനാണ് ശ്രമിക്കുന്നതെന്നാണ് റൊണാൾഡോ പറഞ്ഞത്. സൗദി ഫുട്ബോളിനെ മെച്ചപ്പെടുത്തുക തന്റെ ലക്ഷ്യമാണെന്നും റൊണാൾഡോ പറഞ്ഞിരുന്നു. ഇപ്പോൾ തന്നെ നിരവധി മികച്ച താരങ്ങൾ കളിക്കുന്ന ടീമിലേക്ക് പുതിയ താരങ്ങളെ എത്തിക്കാൻ റൊണാൾഡോ ശ്രമിക്കുന്നതും അതിന്റെ ഭാഗമായിട്ടാണ്.

റൊണാൾഡോയും പെപ്പെയും വളരെ അടുത്ത സുഹൃത്തുക്കളാണ്. റയൽ മാഡ്രിഡിലും പോർച്ചുഗൽ ടീമിലും ഇവരുടെ സൗഹൃദം വളരെ ദൃഢമാണ്. റയലിനൊപ്പം സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ ഇവർ പോർച്ചുഗലിന് യൂറോ കപ്പും നേടിക്കൊടുത്തിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിൽ റൊണാൾഡോ പകരക്കാരനായി മൈതാനത്ത് ഇറങ്ങിയ ഉടനെ ക്യാപ്റ്റൻ ആംബാൻഡ്‌ ഊരി പെപ്പെ നൽകിയത് ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്നു. ഇതിനു പുറമെ സ്വിറ്റ്സർലണ്ടിനെതിരെ നടന്ന മത്സരത്തിൽ പെപ്പെയുടെ ഗോൾ റൊണാൾഡോ നന്നായി ആഘോഷിച്ചതും നമ്മൾ കണ്ടു.

നാൽപതാം വയസ്സിന്റെ തൊട്ടടുത്താണെങ്കിലും ഇപ്പോഴും മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന താരമാണ് പെപ്പെ. കരിയറിന്റെ അവസാന ഘട്ടത്തിൽ കൂടുതൽ പ്രതിഫലം ലഭിക്കുന്ന ക്ലബ്ബിലേക്ക് താരം ചേക്കേറാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. അതിനു പുറമെ തന്റെ സുഹൃത്തായ റൊണാൾഡോക്കൊപ്പം കളിക്കാനുള്ള അവസരവുമുണ്ട്. പെപ്പെക്ക് പുറമെ മുൻ റയൽ മാഡ്രിഡ് താരങ്ങളായ സെർജിയോ റാമോസ്, ലൂക്ക മോഡ്രിച്ച് എന്നിവരെ ടീമിലെത്തിക്കാനും അൽ നസ്ർ ശ്രമിക്കുന്നുണ്ട്.

cristiano ronaldo
Comments (0)
Add Comment