ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്റീന ടീമിന്റെ സബ്സ്റ്റിറ്റ്യൂട്ട് ഗോൾകീപ്പറായിരുന്ന ജെറോണിമോ റുള്ളി ക്ലബ് വിട്ടു. സ്പാനിഷ് ക്ലബായ വിയ്യാറയലിൽ കളിച്ചിരുന്ന താരം ഡച്ച് ക്ലബായ അയാക്സിലേക്കാണ് ചേക്കേറുന്നത്. പത്തു മില്യൺ യൂറോ ട്രാൻസ്ഫർ ഫീസും അഞ്ചു മില്യൺ യൂറോയുടെ ആഡ് ഓണുകളും അടങ്ങുന്നതാണ് കരാറെന്നാണ് റിപ്പോർട്ടുകൾ. 2020ൽ വിയ്യാറയലിലേക്ക് ചെക്കറിയ റുള്ളി എൺപതിലധികം മത്സരങ്ങൾ ക്ലബിനായി കളിച്ചിട്ടുണ്ട്.
അയാക്സിലേക്ക് ചേക്കേറുന്ന കാര്യം റുള്ളി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിയ്യാറയലിലെ തന്റെ സഹതാരങ്ങളോട് റുള്ളി യാത്ര പറഞ്ഞിരുന്നു. വളരെ വേഗത്തിൽ സംഭവിച്ച ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പെട്ടന്നുള്ള ട്രാൻസ്ഫർ എന്നും താരം പറഞ്ഞു. അയാക്സിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായാണിത്. റുള്ളി പോകുന്നതോടെ വെറ്ററൻ കീപ്പർ പെപ്പെ റെയ്ന വിയ്യാറയലിന്റെ ഒന്നാം നമ്പർ കീപ്പറായി മാറും. ജനുവരിയിൽ വിയ്യാറയൽ പുതിയ കീപ്പറെ സ്വന്തമാക്കാനും സാധ്യതയുണ്ട്.
ലോകകപ്പ് നേടിയ അർജന്റീന ടീമിൽ നിന്നും ആദ്യമായി ക്ലബ് വിടുന്ന താരമാണ് റുള്ളി. ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ എൻസോ ഫെർണാണ്ടസ്, മാക് അലിസ്റ്റർ, എമിലിയാനോ മാർട്ടിനസ് എന്നിവരുമായി ബന്ധപ്പെട്ടാണ് ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ശക്തമായി ഉണ്ടായിരുന്നതെങ്കിലും അവർക്കു മുൻപേ തന്നെ റുള്ളി ക്ലബ് വിട്ടു പോവുകയായിരുന്നു. ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും റുള്ളി അർജന്റീനക്കായി ഇറങ്ങിയിരുന്നില്ല.
Geronimo Rulli will fly to Amsterdam today in order to undergo medical tests and sign the contract as new Ajax goalkeeper. ⚪️🔴🛬 #Ajax
— Goalposts.in (@Goalposts_In) January 5, 2023
Full agreement in place with Villarreal as revealed in the last 24h – documents are being prepared. Report @FabrizioRomano pic.twitter.com/vztmcmC10O
2020ൽ വിയ്യാറയലിലെത്തിയ റുള്ളി അതിനു മുൻപ് റയൽ സോസിഡാഡ്, മോണ്ട്പെല്ലിയാർ തുടങ്ങിയ ക്ളബുകളിലാണ് യൂറോപ്പിൽ കളിച്ചിരുന്നത്. അർജന്റീന ക്ലബായ സ്റ്റുഡിയാന്റസിൽ കരിയർ തുടങ്ങിയ റുള്ളിക്ക് പക്ഷെ വിയ്യാറയലിലെ കാലഘട്ടത്തിൽ പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ വിയ്യാറയലിനു യൂറോപ്പ ലീഗ് നേടിക്കൊടുത്ത ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ പെനാൽറ്റി തടഞ്ഞിട്ടത്തിന്റെ പേരിൽ താരം എന്നും ഓർമ്മിക്കപ്പെടും.