‘ വിജയം ഉറപ്പാക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്,ഞങ്ങളുടെ തെറ്റുകൾ സൂക്ഷ്മമായി വിശകലനം ചെയ്യുകയും തിരുത്തുകയും ചെയ്തുവരികയാണ്’: കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ |Adrian Luna

ഇന്ന് കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്‌പൂർ എഫ്സിയെ നേരിടും.പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ച ബ്ലാസ്റ്റേഴ്സ് ആശ്വാസ ജയം തേടിയാണ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേഓഫ്‌ കളിച്ച ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ അതിനു സാധിക്കില്ല എന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്.അവസാന അഞ്ച് മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ സാധിച്ചത്. ഈ സീസണിൽ 21 കളികളിൽ നിന്ന് 24 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തും ഇത്രയും കളികളിൽ നിന്നും 37 പോയിന്റുമായി ജംഷഡ്പൂർ നാലാം സ്ഥാനത്താണ്.

“ഞങ്ങൾ പരിശീലക സംഘവുമായി ചേർന്ന് ഞങ്ങളുടെ തെറ്റുകൾ സൂക്ഷ്മമായി വിശകലനം ചെയ്യുകയും തിരുത്തുകയും ചെയ്തുവരികയാണ്. ആദ്യ വിസിൽ മുതൽ എതിർ ടീമിനെ തടസ്സപ്പെടുത്തുന്നതിൽ ഓരോ കളിക്കാരനും അവരുടെ പങ്ക് അറിയാം. ഞങ്ങളുടെ ഐക്യവും ദൃഢനിശ്ചയവും ഉപയോഗിച്ച്, ഞങ്ങൾക്ക് വിജയം ഉറപ്പാക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്” ഇന്നത്തെ മത്സരത്തിന് മുന്നേ സംസാരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ പറഞ്ഞു.

“ഞാൻ കളിക്കളത്തിൽ കാലുകുത്തുമ്പോഴെല്ലാം, അത് ഞങ്ങളുടെ പരിധികൾ മറികടന്ന് ഒരു അടയാളം ഇടുന്നതിനെക്കുറിച്ചാണ്. ഈ മത്സരത്തിനായി ഞാൻ ഉത്സാഹഭരിതനാണ്. ഞങ്ങൾ പുതുമയുള്ളവരും ദൃഢനിശ്ചയമുള്ളവരും കഠിനാധ്വാനം ചെയ്യാൻ തയ്യാറുമാണ്” അദ്ദേഹം പറഞ്ഞു.“ഈ മത്സരത്തിനായി ടീം നന്നായി തയ്യാറെടുത്തിട്ടുണ്ട്, സീസണിന്റെ പശ്ചാത്തലത്തിൽ ഇത് ഒരു വലിയ മത്സരമാണ്, പക്ഷേ ഞങ്ങൾ സമ്മർദ്ദത്തിൽ മുഴുകുന്നില്ല. ഗെയിം പ്ലാനിൽ ഉറച്ചുനിൽക്കാനും ഫലം ഉറപ്പാക്കാൻ ആവശ്യമായ പ്രകടനം നൽകാനും ടീമിന് കഴിയും”.

അവസാനത്തെ രണ്ട് ഹോം മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് ഗോളുകൾ നേടിയിട്ടില്ല – നോർത്ത്ഈസ്റ്റ് യൂണൈറ്റഡിനെതിരെയും മോഹൻ ബഗാൻ എസ്‌ജിക്കെതിരെയും. ഐഎസ്എൽ ചരിത്രത്തിൽ ലീഗിൽ ഇതുവരെയും ക്ലബ് തുടർച്ചയായ മൂന്ന് ഹോം മത്സരങ്ങളിൽ ഗോൾ നേടാതിരുന്നിട്ടില്ല. ആ റെക്കോർഡ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാകും ടീം കൊച്ചിയിൽ ഇറങ്ങുക.ഇതുവരെ 17 തവണ ഇരു ടീമുകളും ഐ‌എസ്‌എല്ലിൽ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ അഞ്ച് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും നാല് മത്സരങ്ങളിൽ എഫ്‌സി ഗോവയും വിജയിച്ചു. എട്ടെണ്ണം സമനിലയിൽ കലാശിച്ചു.