ഗോൾ സ്കോറിങ്ങിൽ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

സമകാലീനരായ പല താരങ്ങൾ ബൂട്ടഴിച്ച് വിശ്രമത്തിലേക്ക് നീങ്ങിയെങ്കിലും 39 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോളും കളിക്കളത്തിൽ തുടരുകയാണ്.നിരവധി നേട്ടങ്ങൾക്കും പ്രതാപം നിറഞ്ഞ കരിയറിനും ശേഷം പോർച്ചുഗീസ് സ്‌ട്രൈക്കർ പിച്ചിനോട് വിടപറയാൻ തയ്യാറെടുക്കുകയാണെന്ന് പലരും കരുതിയിരിക്കാം.

എന്നാൽ ഐതിഹാസിക കഥയിൽ ഇനിയും അധ്യായങ്ങൾ എഴുതാനുണ്ട് എന്നുറപ്പിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഓരോ മത്സരത്തിനും ഇറങ്ങുന്നത്. ഇന്നലെ സൗദി അറേബ്യൻ സൂപ്പർ കപ്പിൻ്റെ സെമി ഫൈനലിൽ അൽ-താവൂണിനെതിരെ ഗോൾ നേടി അൽ-നാസറിൻ്റെ വിജയം ഉറപ്പിക്കുക മാത്രമല്ല മറ്റൊരു റെക്കോർഡിൽ തൻ്റെ പേര് ഉറപ്പിക്കുകയും ചെയ്തു.തുടർച്ചയായി 23 സീസണുകളിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരൻ എന്ന റെക്കോർഡ് പോർച്ചുഗീസ് താരം സ്വന്തം പേരിലാക്കി.2002-ൽ സ്‌പോർട്ടിങ്ങിനായി അരങ്ങേറ്റം കുറിച്ചതിന് ശേഷം ക്രിസ്റ്റ്യാനോ ഒരു സീസണിൽ പോലും സ്‌കോർ ചെയ്യാതെ പോയിട്ടില്ല.

1234 മത്സരങ്ങളിൽ നിന്ന് 896 ഗോളുകൾ ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിൽ നേടിയിട്ടുള്ളത്. അബഹയിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ടാം മിനിറ്റിൽ റൊണാൾഡോ നൽകിയ അസ്സിസ്റ്റിൽ നിന്നും അയ്‌മൻ യഹ്‌യ അൽ നാസറിന് ലീഡ് നൽകി.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റൊണാൾഡോ തന്നെ ടീമിൻ്റെ നേട്ടം ഇരട്ടിയാക്കി.

ഈ ഗോളോടെ താരം റെക്കോർഡ് ബുക്കിൽ സ്ഥാനം പിടിക്കുകയും ചെയ്തു.ജയം ഉറപ്പിച്ചതോടെ ടൂർണമെൻ്റിൻ്റെ ഫൈനലിനുള്ള തയ്യാറെടുപ്പിലാണ് അൽ നാസർ.കഴിഞ്ഞ സീസണിലെ സൂപ്പർ കപ്പിൻ്റെ സെമി ഫൈനലിൽ അൽ-ഹിലാലിനെതിരെ 2-1 ന് ക്രിസ്റ്റ്യാനോ റൊണാൾഡോയും കൂട്ടരും പരാജയപ്പെട്ടിരുന്നു.