കിലിയൻ എംബാപ്പെയും എർലിങ് ഹാലൻഡും ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ പ്രായത്തെ തോൽപ്പിക്കുന്ന പ്രകടനവുമായി ഫുട്ബാൾ ലോകത്തെ അത്ഭുതപ്പെടുത്തി 38 കാരനായ ലയണൽ മെസ്സി | Lionel Messi

അൾജീരിയക്കെതിരെയുള്ള ഹാട്രിക്കോടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പം (16 ഗോളുകൾ) നേടി മെസ്സിയുമെത്തി. മെസ്സിയുടെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക്കാണിത്. പ്രായത്തെ തോൽപ്പിക്കുന്ന പ്രകടനവുമായി മെസ്സി ഫുട്ബാൾ ലോകത്തെ വീണ്ടും അത്ഭുതപ്പെടുത്തിയത്. കൃത്യം 20 വർഷങ്ങൾക്ക് മുമ്പ്, സെർബിയക്കെതിരെ മെസ്സി തന്റെ ലോകകപ്പ് അരങ്ങേറ്റം കുറിച്ച അതേ ദിവസം തന്നെയാണ് ഈ ചരിത്രനേട്ടവും പിറന്നത്.

കളിയുടെ 17-ാം മിനിറ്റിൽ ബോക്‌സിന് വെളിയിൽ നിന്ന് മെസി ഉതിർത്ത മനോഹരമായ ഒരു ഷോട്ട് അൾജീരിയൻ ഗോൾകീപ്പറെ കാഴ്‌ചക്കാരനാക്കി വലയിൽ പതിച്ചു. റോഡ്രിഗോ ഡി പോളിൻ്റെ മികച്ചൊരു അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ പിറന്നത്.മത്സരത്തിന്റെ 61 ആം മിനുട്ടിൽ അലക്സിസ് മാക് അലിസ്റ്റർ തൊടുത്ത ലോങ്ങ് റേഞ്ച് ഷോട്ട് ഗോൾകീപ്പർ ലൂക്ക സിദാൻ തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ മെസ്സി ഗോളാക്കി മാറ്റി.76-ാം മിനിറ്റിൽ മനോഹരമായ ഒരു മുന്നേറ്റത്തിലൂടെ ഹാട്രിക് തികച്ചുകൊണ്ട് മെസി അർജൻ്റീനയുടെ വിജയം പൂർത്തിയാക്കി.

ലോകകപ്പ് ചരിത്രത്തിൽ 11 വ്യത്യസ്ത രാജ്യങ്ങൾക്കെതിരെ ഗോൾ നേടുന്ന ആദ്യ താരമായി മെസി. ലോകകപ്പിൽ ബോക്സിന് വെളിയിൽ നിന്ന് 5 ഗോളുകൾ നേടിയ ബ്രസീലിൻ്റെ ഇതിഹാസ താരം റിവെല്ലിന്യോയുടെ 60 വർഷത്തെ റെക്കോഡിനൊപ്പവും മെസി എത്തി.അർജൻ്റീനയ്ക്കായി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കൂടിയ താരവും ഇപ്പോൾ മെസി തന്നെയാണ്.

ലോകകപ്പിലെ ഗോൾവേട്ടക്കാർ:

മിറോസ്ലാവ് ക്ലോസെ- (ജർമനി) (16 ഗോളുകൾ)
ലയണൽ മെസ്സി- (അർജന്റീന) (16 ഗോളുകൾ)
റൊണാൾഡോ- (ബ്രസീൽ) (15 ഗോളുകൾ)
ഗെർഡ് മുള്ളർ- (വെസ്റ്റ് ജർമനി) (14 ഗോളുകൾ)
കിലിയൻ എംബാപ്പെ- ഫ്രാൻസ് (14 ഗോളുകൾ)
ജസ്റ്റ് ഫോണ്ടെയ്ൻ- ഫ്രാൻസ് (13 ഗോളുകൾ)
പെലെ- (ബ്രസീൽ) (12 ഗോളുകൾ)
സാന്റോർ കോസിസ്- (ഹംഗറി) (11 ഗോളുകൾ)
യുർഗൻ ക്ലിൻസ്മാൻ- (ജർമനി) (11 ഗോളുകൾ)

ഇന്നലെ സെനഗലിനെതിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ കിലിയൻ എംബാപ്പെ ലോകകപ്പിൽ ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിന്റെ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ഫ്രാൻസ് 3-1 ന് ജയിച്ചു.ഏഷ്യൻ കരുത്തരായ ഇറാഖിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത മത്സരത്തിൽ നോർവെക്കായി ഏർലിങ് ഹാലാൻഡ് ഇരട്ട ഗോളുകൾ നേടിയിരുന്നു.ഈ ലോകകപ്പിൽ നോർവേയുടെ ഏറ്റവും വലിയ പ്രതീക്ഷ എർലിങ് ഹാലൻഡ് തന്നെയാണ്. ആദ്യ മത്സരത്തിൽ തന്നെ ഇരട്ട ഗോളുകളുമായി തുടങ്ങിയ ഹാലൻഡ് വരും മത്സരങ്ങളിൽ എതിരാളികൾക്ക് വലിയ ഭീഷണിയാകും എന്ന കാര്യത്തിൽ സംശയമില്ല.