ഇന്തോനേഷ്യക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയവുമായി അര്ജന്റീന. ജക്കാർത്തയിലെ ഗെലോറ ബംഗ് കർണോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു അർജന്റീനയുടെ ജയം. ലിയാൻഡ്രോ പരേഡസ് ,ക്രിസ്റ്റ്യൻ റൊമേറോ എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്.
ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തിൽ നിന്നും വ്യത്യസ്തമായി നിരവധി പുതിയ താരങ്ങളെയാണ് പരിശീലകൻ ലയണൽ സ്കെലോണി ഇന്ന് അണിനിരത്തിയത്. മെസ്സിയുടെ അഭാവത്തിൽ ജർമൻ പെസെല്ലയാണ് അർജന്റീനയുടെ ക്യാപ്റ്റനായത്.18 കാരനായ ഫകുണ്ടോ ബ്യൂണനോട്ടിക്ക് ആദ്യ മത്സരം കളിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു. മത്സരത്തിന്റെ തുടക്കം മുതൽ അർജന്റീനയുടെ പൂർണ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്.
ഹൂലിയൻ അൽവാരസിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റ നിര ഇൻഡോനേഷ്യൻ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്നു.18 ആം മിനുട്ടിൽ പെനാൽറ്റി ഏരിയയിൽ ഏതാനും ഡിഫൻഡർമാരെ മറികടന്ന് ജൂലിയൻ അൽവാരസ് ഒരു ഷോട്ട് എടുത്തെങ്കിലും മികച്ച സേവിലൂടെ ഗോൾകീപ്പർ തടഞ്ഞു. 29 ആം മിനുട്ടിൽ അരങ്ങേറ്റ താരം ഫാകുണ്ടോ ബ്യൂണനോട്ടെയുടെ ഷോട്ട് ഗോൾകീപ്പറെ മറികടന്നെങ്കിലും പ്രതിരോധ താരത്തിൽ തട്ടിത്തെറിച്ചു. റീ ബൗണ്ടിൽ ജൂലിയൻ അൽവാരസിന്റെ ശ്രമം ഇൻഡോനേഷ്യൻ കീപ്പർ എർണാണ്ടോ അരി സുതാരിയാഡി ഒരു അത്ഭുതകരമായ സേവിലൂടെ തടഞ്ഞു.
LEANDRO PAREDES GOLAZO FOR ARGENTINA! 🇦🇷pic.twitter.com/d9J4JSvcIC
— Roy Nemer (@RoyNemer) June 19, 2023
38 ആം മിനുട്ടിൽ തകർപ്പൻ ലോങ്ങ് റേഞ്ച് ഗോളിലൂടെ ലിയാൻഡ്രോ പരേഡസ് അർജന്റീനയെ മുന്നിലെത്തിച്ചു. 44 ആം മിനുട്ടിൽ അൽവാരസിനു ലീഡ് വർധിപ്പിക്കാൻ അവസരം ലഭിച്ചെങ്കിലും ഷോട്ട് പുറത്തേക്ക് പോയി. ഇഞ്ചുറി ടൈമിൽ ഇൻഡോനേഷ്യ സമനില ഗോളിന്റെ അടുത്തെത്തിയെങ്കിലും എമിലിയാനോ മാർട്ടിനെസിന്റെ ഗോൾ കീപ്പിങ് മികവ് അർജന്റീനയെ രക്ഷിച്ചു.
CRISTIAN ROMERO WITH THE GOAL FOR ARGENTINA! 🇦🇷pic.twitter.com/g8hqxUSspv
— Roy Nemer (@RoyNemer) June 19, 2023
രണ്ടാം പകുതിയിലും അർജന്റീനയുടെ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്. 55 ആം മിനുട്ടിൽ അര്ജന്റീന രണ്ടാം ഗോൾ നേടി. കോർണറിൽ നിന്നും മികച്ചൊരു ഹെഡ്ഡറിലൂടെ ക്രിസ്റ്റ്യൻ റൊമേറോയാണ് ഗോൾ നേടിയത്. അതിനു ശേഷം അർജന്റീനക്ക് കാര്യമായ ഗോൾ അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ സാധിച്ചില്ല.