ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനായി ആരെല്ലാം കളിക്കും ?, രജിസ്റ്റർ ചെയ്ത കളിക്കാരുടെ ലിസ്റ്റ് പുറത്ത് | Kerala Blasters

ഡ്യൂറൻഡ് കപ്പിൻ്റെ 133-ാം പതിപ്പിന് തുടക്കമായിരിക്കുകയാണ്.വരാനിരിക്കുന്ന ലീഗ് കാമ്പെയ്‌നിന് മുന്നോടിയായി ക്ലബ്ബുകൾക്ക് അവരുടെ സ്ക്വാഡിൻ്റെ ശക്തി വിലയിരുത്തുന്നതിനും അവരുടെ തന്ത്രങ്ങൾ പരിഷ്കരിക്കുന്നതിനുമുള്ള വിലപ്പെട്ട അവസരമാണ് നൽകുന്നത്.ടൂർണമെൻ്റിലെ ഏറ്റവും ദുഷ്‌കരമായ ഗ്രൂപ്പുകളിലൊന്നായ ഗ്രൂപ്പ് സിലാണ് കേരള കേരള ബ്ലാസ്റ്റേഴ്‌സ് ഇടം പിടിച്ചിരിക്കുന്നത്.ഗ്രൂപ്പ് സിയിൽ മൂന്ന് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ടീമുകൾ ഉൾപ്പെടുന്നു.

മുംബൈ സിറ്റി എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, പഞ്ചാബ് എഫ്‌സി എന്നിവയ്‌ക്കൊപ്പം ഇന്ത്യൻ ആംഡ് ഫോഴ്‌സ് ടീമായ സിഐഎസ്എഫ് പ്രൊട്ടക്‌ടേഴ്‌സ് കളിക്കും.ഓഗസ്റ്റ് ഒന്നിന് മുംബൈ സിറ്റിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ഓഗസ്റ്റ് നാലിന് പഞ്ചാബിനെയും പത്തിന് സിഐഎസ്എഫിനേയും നേരിടും.2021ൽ ടൂർണമെൻ്റിൽ അരങ്ങേറ്റം കുറിച്ച ശേഷം ഇത് നാലാം തവണയാണ് കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിൽ പങ്കെടുക്കുന്നത്.ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിന് ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല.2022 പതിപ്പിൽ, മൊഹമ്മദൻ എസ്‌സിയോട് 0-3ന് തോറ്റതിന് ശേഷം പുറത്ത് പോയി.കഴിഞ്ഞ വർഷം ഗ്രൂപ്പ് സിയിൽ മൂന്നാം സ്ഥാനത്തെത്തിയ ബ്ലാസ്റ്റേഴ്സിന് നോക്കൗട്ടിൽ കടക്കാനായില്ല.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യുറണ്ട് കപ്പിനുള്ള ഔദ്യോഗിക സ്ക്വാഡ് ടീം ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഡ്യുറണ്ട് കപ്പിനായി ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്ന താരങ്ങളുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാഹുൽ കെ പി, അഡ്രിയാൻ ലൂണ, നോഹ സദൗയ്, ഹോർമിപാം തുടങ്ങിയ പ്രമുഖ താരങ്ങൾ എല്ലാവരും ടീമിൽ ഇടം പിടിച്ചപ്പോൾ, ടീം വിട്ട് പോകും എന്ന് അഭ്യൂഹം നിലനിൽക്കുന്ന വിദേശ സ്ട്രൈക്കർ ജോഷുവ സൊറ്റീരിയോയെ കേരള ബ്ലാസ്റ്റേഴ്സ് ഡ്യുറണ്ട് കപ്പ് സ്ക്വാഡിൽ രജിസ്റ്റർ ചെയ്തിട്ടില്ല.

പരിക്കിൽ നിന്ന് പൂർണ്ണ മുക്തി നേടി തിരിച്ചെത്താതിനാൽ ഗോൾകീപ്പർ സച്ചിൻ സുരേഷ്, പ്രഭീർ ദാസ്, പുതിയ സൈനിങ്‌ ആയ ലാൽതൻമാവിയ എന്നിവരും കേരള ബ്ലാസ്റ്റേഴ്സ് ഡ്യുറണ്ട് കപ്പ് സ്ക്വാഡിൽ ഇതുവരെ ഉൾപ്പെട്ടിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ സൈനിംഗ് ആയ ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോഫ് ഇതുവരെ ടീമിനൊപ്പം ചേരാത്തതിനാൽ, അദ്ദേഹവും ഡ്യുറണ്ട് കപ്പ് സ്‌ക്വാഡിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. അതേസമയം കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും താരങ്ങളെ രജിസ്റ്റർ ചെയ്യാൻ സമയം അവശേഷിക്കുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് (താൽക്കാലികം) Kerala Blasters squad for Durand Cup 2024 registered players
ഗോൾകീപ്പർമാർ: മുഹമ്മദ് അർബാസ്, നോറ ഫെർണാണ്ടസ്, സോം കുമാർ
ഡിഫൻഡർമാർ: മിലോഷ് ഡ്രിൻചിച്, സന്ദീപ് സിംഗ്, ഹോർമിപം, പ്രീതം കോട്ടാൽ, ഐബാൻ ഡോഹ്‌ലിംഗ്, മുഹമ്മദ് സഹീഫ്, നൗച്ച സിംഗ്
മിഡ്ഫീൽഡർമാർ: മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമെൻ, ഡാനിഷ് ഫാറൂഖ്, ഫ്രെഡി ലല്ലാവ്മ, വിബിൻ മോഹനൻ, യോഹെൻബ മെയ്റ്റി
ഫോർവേഡുകൾ: അഡ്രിയാൻ ലൂണ, നോഹ സദൗയി, ക്വാം പെപ്ര, രാഹുൽ കെ.പി, ബ്രൈസ് മിറാൻഡ, ഇഷാൻ പണ്ഡിത, മുഹമ്മദ് അജ്സൽ, സഗോൽസെം ബികാഷ് സിംഗ്, സൗരവ്