ഡാർവിൻ ന്യൂനസിന്റെ ഇരട്ട ഗോളിൽ ബൊളീവിയയെ വീഴ്ത്തി ഉറുഗ്വേ : ചിലിയെ കീഴടക്കി ഇക്വഡോർ : പരാഗ്വേക്കെതിരെ വിജയവുമായി കൊളംബിയ

ദക്ഷിണ അമേരിക്കൻ ഫുട്ബോളിലെ രണ്ട് വമ്പൻമാരായ ബ്രസീലിനെയും അർജന്റീനയെയും ആധികാരികമായി മറികടന്നതിന് ശേഷം ഇന്ന് നടന്ന മത്സരത്തിൽ ബൊളീവിയക്കെതിരെയും തകർപ്പൻ ജയം സ്വന്തമാക്കി ഉറുഗ്വേ. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ബൊളീവിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഉറുഗ്വേ പരാജയപ്പെടുത്തിയത്.

വിജയത്തോടെ 6 മത്സരങ്ങളിൽ നിന്നും 13 പോയിന്റുമായി അർജന്റീനക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണി ഉറുഗ്വേ.ഐതിഹാസികമായ സെന്റിനാരിയോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 15 ആം മിനുട്ടിൽ ലിവർപൂൾ സ്‌ട്രൈക്കർ ഡാർവിൻ നൂനെസിന്റെ ഗോളിൽ ഉറുഗ്വേ ലീഡ് നേടി. 39 ആം മിനുട്ടിൽ ബൊളീവിയൻ താരം ഗബ്രിയേൽ വില്ലമിലിന്റെ സെല്ഫ് ഗോളിൽ ഉറുഗ്വേ ലീഡ് ഉയർത്തി. 71 ആം മിനുട്ടിൽ ന്യൂനസ് ഉറുഗ്വേയുടെ മൂന്നാം ഗോളും മത്സരത്തിലെ തന്റെ രണ്ടാം ഗോളും കൂട്ടിച്ചേർത്തു.

മറ്റൊരു മത്സരത്തിൽ ഇക്വഡോർ എതിരില്ലാത്ത ഒരു ഗോളിന് ചിലിയെ പരാജയപ്പെടുത്തി.21 ആം മിനുട്ടിൽ ഏഞ്ചൽ മേന നേടിയ ഗോളിനായിരുന്നു ഇക്വഡോറിന്റെ ജയം.6 മത്സരങ്ങളിൽ നിന്നും 8 പോയിന്റുമായി ആറാം സ്ഥാനത്താണ് ഇക്വഡോർ, 5 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ചിലി.

മറ്റൊരു മത്സരത്തിൽ റാഫേൽ ബോറെ ആദ്യ പകുതിയിൽ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിന് കൊളംബിയ പരാഗ്വേയെ പരാജയപ്പെടുത്തി. പെറു വെനിസ്വേല മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്.