2023 ഏകദിന ലോകകപ്പ് കിരീടം ഓസ്ട്രേലിയക്ക്. ഫൈനൽ മത്സരത്തിൽ ഇന്ത്യയെ 6 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ കിരീടം സ്വന്തമാക്കിയത്. ടൂർണ്ണമെന്റിൽ തുടർച്ചയായ 10 വിജയങ്ങൾ സ്വന്തമാക്കിയായിരുന്നു ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. എന്നാൽ ഫൈനലിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് നിരാശാജനകമായ പ്രകടനങ്ങളാണ് ഉണ്ടായത്.
ഓസ്ട്രേലിയയുടെ ആറാം ലോകകപ്പ് കിരീടമാണ് ഇത്. ഓസ്ട്രേലിയക്കായി ഫൈനൽ മത്സരത്തിൽ ട്രാവസ് ഹെഡ് ആണ് ബാറ്റിംഗിൽ തിളങ്ങിയത്. ബോളിംഗിൽ മിച്ചൽ സ്റ്റാർക്ക് മികവുപുലർത്തി.മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കമാണ് ഇന്ത്യയ്ക്ക് ശർമ നൽകിയത്. മത്സരത്തിൽ 31 പന്തുകളിൽ 47 റൺസ് നേടാൻ രോഹിത്തിന് സാധിച്ചു. ശേഷmeത്തിയ കോഹ്ലി ക്രീസിൽ ഉറക്കുകയുണ്ടായി.
63 പന്തുകളിൽ 54 റൺസാണ് കോഹ്ലി നേടിയത്. എന്നാൽ ഇരുവരും പുറത്തായതിന് ശേഷം ഇന്ത്യ നന്നേ ബുദ്ധിമുട്ടുന്നതാണ് കണ്ടത്. രാഹുൽ ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും റൺ റേറ്റ് ഉയർത്തുന്നതിൽ പരാജയപ്പെട്ടു. 107 പന്തുകൾ നേരിട്ടായിരുന്നു രാഹുൽ 66 റൺസ് നേടിയത്. മറ്റു ബാറ്റർമാരൊക്കെയും പരാജയപ്പെട്ടപ്പോൾ ഇന്ത്യൻ ഇന്നിങ്സ് കേവലം 240 റൺസിൽ ഒതുങ്ങുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയും തുടക്കത്തിൽ പതറി. ഡേവിഡ് വാർണറും(7) മിച്ചൽ മാർഷും(15) സ്റ്റീവ് സ്മിത്തും(4) പവർപ്ലേ ഓവറുകളിൽ തന്നെ കൂടാരം കയറിയത് ഓസ്ട്രേലിയയെ ബാധിച്ചു. ഓസ്ട്രേലിയ 47ന് 3 എന്ന നിലയിൽ തകരുകയായിരുന്നു. എന്നാൽ ഇവിടെ നിന്ന് ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് ട്രാവിസ് ഹെഡും ലബുഷൈനും(58*) ചേർന്ന് കാഴ്ചവച്ചത്. ഇരുവരും ക്രീസിലുറച്ച് ഇന്ത്യക്കെതിരെ പോരാടുകയുണ്ടായി. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി ഹെഡ് സ്വന്തമാക്കി. 120 പന്തുകളിൽ 137 റൺസായിരുന്നു ഹെഡിന്റെ സമ്പാദ്യം. ഇതോടെ ഇന്ത്യ മത്സരത്തിൽ 6 വിക്കറ്റുകളുടെ പരാജയമറിഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് ഈ പരാജയം വലിയ നിരാശയാണ് ഉണ്ടാക്കുന്നത്.