‘മുന്നിൽ നിന്ന് നയിക്കുന്ന നായകൻ’ : അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിലെത്തിയിട്ട് മൂന്നു വർഷം | Kerala Blasters
കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് രൂപീകരിക്കപ്പെട്ടിട്ട് 10 വർഷങ്ങൾ പിന്നിട്ടു. ഇതിനോടകം നിരവധി പ്രമുഖ വിദേശ – ഇന്ത്യൻ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്തുതട്ടി. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയങ്ങളിൽ ഇന്നും തങ്ങിനിൽക്കുന്ന നിരവധി പേരുകൾ ഉണ്ട്. അവരെയെല്ലാം കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതിഹാസങ്ങളായി ആരാധകർ കണക്കാക്കുന്നു. ഇത്തരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു താരമാണ് അഡ്രിയാൻ ലൂണ,
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ ക്യാപ്റ്റൻ. സൗത്ത് അമേരിക്കൻ കളി ശൈലി ഒരുപാട് ഇഷ്ടപ്പെടുന്ന മലയാളികൾക്ക് ലഭിച്ച പൊൻതാരകമാണ് ഉറുഗ്വായൻ അറ്റാക്കിങ് മിഡ്ഫീൽഡർ ആയ ലൂണ. ഗോൾ അടിക്കാനും അടിപ്പിക്കാനും കഴിവുള്ള താരം. കഴിഞ്ഞ മൂന്ന് സീസണുകളായി, മൈതാനത് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന അഡ്രിയാൻ ലൂണ, കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിട്ട് ഇന്നേക്ക് (ജൂലൈ 22) മൂന്ന് വർഷങ്ങൾ തികയുകയാണ്.
മൂന്നു വർഷങ്ങളായി നമ്മളെ മുന്നിൽ നിന്ന് നയിക്കുന്ന നായകൻ 💛 #OnThisDay: 3⃣ years ago, Adrian Luna became one of us! 😍
— Kerala Blasters FC (@KeralaBlasters) July 22, 2024
Catch all the #ISL action on @JioCinema 👉 https://t.co/pYTDwhGCei #KBFC #KeralaBlasters pic.twitter.com/A7y26cm8IQ
2021 ജൂലൈ 22-നാണ് അഡ്രിയാൻ ലൂണയെ സൈൻ ചെയ്ത കാര്യം കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിക്കുന്നത്. രണ്ട് വർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ താരം, പിന്നീട് മലയാളികളുടെ സ്വന്തം ക്യാപ്റ്റൻ ലൂണയായി മാറുകയായിരുന്നു. അദ്ദേഹത്തിനൊപ്പവും അദ്ദേഹത്തിന് ശേഷവും എത്തിയ നിരവധി വിദേശ താരങ്ങൾ മറ്റു ക്ലബ്ബുകളിലേക്ക് പിന്നീട് ചേക്കേറിയെങ്കിലും, 2027 വരെ കരാർ നീട്ടി അഡ്രിയാൻ ലൂണ, ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയ നായകനായി ഇന്നും നിലകൊള്ളുന്നു.
എന്തുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് മുൻപൊരിക്കൽ ലൂണ നൽകിയ മറുപടി ഇങ്ങനെയായിരുന്നു, “ഞാൻ ഇവിടെ സത്യസന്ധത പുലർത്തണം.. ഒരു പ്രധാന കാരണം ഇവിടെ (ഇന്ത്യ) നിങ്ങൾക്ക് 3 മാസത്തെ അവധിയാണ്, ഈ കാലയളവിൽ എനിക്ക് എൻ്റെ കുട്ടികളോടും കുടുംബത്തോടുംകൂടെ കൂടുതൽ സമയം ചിലവഴിക്കാൻ കഴിയും. പിന്നെ അടിസ്ഥാനപരമായി, KBFC എങ്ങനെയാണ് ഇത്ര വലിയ ആരാധകൻ്റെരുടെ കൂടെ കളിക്കുന്നത് എന്ന് കാണുമ്പോൾ തീർച്ചയായും.”