ഡി മരിയയും മെസ്സിയും ഒരിക്കൽ കൂടി ക്ലബ്ബിൽ ഒരുമിക്കാനുള്ള സാധ്യതകൾ തെളിഞ്ഞുവരുന്നു

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അർജന്റൈൻ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയ പിഎസ്ജിയോട് വിട പറഞ്ഞത്.ലയണൽ മെസ്സിക്കൊപ്പം പാരീസിൽ ഒരു വർഷം ചിലവഴിച്ചതിനു ശേഷമാണ് അദ്ദേഹത്തിന് ക്ലബ്ബ് വിടേണ്ടിവന്നത്.ഫ്രീ ഏജന്റായി കൊണ്ട് അദ്ദേഹം എത്തിയത് ഇറ്റാലിയൻ കരുത്തരായ യുവന്റസിലായിരുന്നു.

ക്ലബ്ബിന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ ഈ അർജന്റൈൻ സൂപ്പർതാരത്തിന് സാധിച്ചിരുന്നു.അതുകൊണ്ടുതന്നെ താരത്തിന്റെ കോൺട്രാക്ട് പുതുക്കാനായിരുന്നു ആദ്യം യുവന്റസ് തീരുമാനിച്ചിരുന്നത്.എന്നാൽ യൂറോപ്പ ലീഗിൽ നിന്നും യുവന്റസ് പരാജയപ്പെട്ട് പുറത്തായതോടുകൂടി അവർ തങ്ങളുടെ പ്ലാനുകളിൽ മാറ്റം വരുത്തുകയായിരുന്നു.ഡി മരിയയുടെ കോൺട്രാക്ട് പുതുക്കേണ്ടതില്ല എന്ന തീരുമാനം യുവന്റസ് എടുത്തു കഴിഞ്ഞു.

അതായത് ഈ സീസണിന് ശേഷം താരം ഒരിക്കൽ കൂടി ഫ്രീ ഏജന്റാവും.താരത്തിന് വേണ്ടി ക്ലബ്ബുകൾ ഇപ്പോൾ രംഗത്ത് വന്നു കഴിഞ്ഞു. യൂറോപ്പിന്റെ പുറത്ത് നിന്നും ഡി മരിയക്ക് ഇപ്പോൾ ഓഫറുകൾ വരുന്നുണ്ട്.പക്ഷേ ഇപ്പോൾ യൂറോപ്പ് വിട്ട് പുറത്തു പോവാനോ അല്ലെങ്കിൽ സ്വന്തം ജന്മദേശമായ അർജന്റീനയിലേക്ക് മടങ്ങാനോ ഡി മരിയ ഉദ്ദേശിക്കുന്നില്ല.അടുത്തവർഷം കോപ്പ അമേരിക്ക നടക്കുന്നതിനാൽ യൂറോപ്പിലെ ഏതെങ്കിലും മികച്ച ലീഗിൽ തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

നിലവിൽ മൂന്ന് ക്ലബ്ബുകൾ അദ്ദേഹത്തിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്.പോർച്ചുഗീസ് ക്ലബ് ആയ ബെൻഫിക്കക്ക് ഈ അർജന്റൈൻ സൂപ്പർതാരത്തെ തിരിച്ചെത്തിക്കാൻ താല്പര്യമുണ്ട്.ഇതിന് പുറമേ തുർക്കിഷ് ക്ലബ്ബായ ഗലാറ്റ്സരെയും താരത്തിന്റെ കാര്യത്തിൽ അന്വേഷണം നടത്തിയിട്ടുണ്ട്.എന്നാൽ ആരാധകർക്ക് താൽപര്യം ജനിപ്പിക്കുന്ന കാര്യം എന്തെന്നാൽ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയും ഡി മരിയയുടെ കാര്യത്തിൽ അന്വേഷണം നടത്തിയിട്ടുണ്ട് എന്നതാണ്.

ഫ്രീ ഏജന്റായതിനാൽ ട്രാൻസ്ഫർ ഫീ താരത്തിനു വേണ്ടി മുടക്കേണ്ടി വരില്ല.സാലറി കാര്യത്തിൽ അഡ്ജസ്റ്റ്മെന്റുകൾ ചെയ്യാൻ തയ്യാറായാൽ ഡി മരിയക്ക് ബാഴ്സയിലേക്ക് എത്താൻ സാധിച്ചേക്കും.നിലവിൽ ലയണൽ മെസ്സിയെ തിരിച്ചെത്തിക്കാൻ ബാഴ്സ പരമാവധി ശ്രമിക്കുന്നുണ്ട്.രണ്ട് പേരെയും എത്തിക്കാൻ കഴിഞ്ഞാൽ ഒരിക്കൽ കൂടി ഇരുവരും ക്ലബ്ബ് തലത്തിൽ ഒന്നിക്കുന്നത് നമുക്ക് കാണാൻ കഴിയും.അത് യഥാർത്ഥത്തിൽ അർജന്റീനക്ക് തന്നെയാണ് ഗുണം ചെയ്യുക.

അടുത്ത കോപ്പ അമേരിക്കയിൽ മികച്ച രൂപത്തിൽ എത്താൻ മെസ്സിക്കും ഡി മരിയക്കും സാധിച്ചേക്കും.പക്ഷേ ഈ ട്രാൻസ്ഫറുകൾ നടക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ മികച്ച പ്രകടനം അർജന്റീനക്ക് വേണ്ടി നടത്താൻ സാധിച്ചിട്ടുള്ള താരമാണ് ഡി മരിയ.എന്നിരുന്നാലും ഒരു വർഷത്തേക്കുള്ള കോൺട്രാക്ട് ഒക്കെയായിരിക്കും താരത്തിനു വേണ്ടി ബാഴ്സ ഓഫർ ചെയ്യുക.