സൂപ്പർ കപ്പിൽ എൽ ക്ലാസിക്കോ ഫൈനൽ : ഒസാസുനയെ കീഴടക്കി ബാഴ്സലോണ ഫൈനലിൽ | FC Barcelona

സ്പാനിഷ് സൂപ്പർ കപ്പിന്റെ കലാശ പോരാട്ടത്തിൽ റയൽ മാഡ്രിഡും ബാഴ്സലോണയും ഏറ്റുമുട്ടും. ഇന്നലെ സൗദി അറേബ്യയിൽ നടന്ന സൂപ്പർകോപ്പ രണ്ടാം സെമിഫൈനലിൽ ബാഴ്സലോണ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഒസാസുനയെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കടന്നത്.

രണ്ടാം പകുതിയിൽ റോബർട്ട് ലെവൻഡോവ്‌സ്‌കിയും ലാമിൻ യമലും നേടിയ ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം. ആദ്യ സെമിയിൽ അത്ലറ്റികോ മാഡ്രിഡിനെ 5 -3 ന് പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ് ഫൈനലിൽ സ്ഥാനം പിടിച്ചത്. കഴിഞ്ഞ വർഷത്തെ ഫൈനലിലും ഇരു ടീമുകളും തന്നെയാണ് ഏറ്റുമുട്ടിയത്. ബാഴ്സലോണ 3-1 ന് വിജയിക്കുകയും ചെയ്തു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ബാഴ്‌സലോണ പൊസഷനിൽ ആധിപത്യം പുലർത്തിയെങ്കിലും ഗോളുകൾ ഒന്നും നേടാൻ സാധിച്ചില്ല.

ഒസാസുന ഗോൾകീപ്പർ സെർജിയോ ഹെരേര ലെവൻഡോവ്‌സ്‌കിയുടെ രണ്ട് അർദ്ധാവസരങ്ങൽ തടയുകയും ചെയ്തു.59-ാം മിനിറ്റിൽ മാത്രമാണ് ബാഴ്‌സയ്ക്ക് ജീവൻ വെച്ചത്.ഇൽകെ ഗുണ്ടോഗൻ കൊടുത്ത ത്രൂ-ബോളിൽ ലെവൻഡോവ്‌സ്‌കി ക്ലോസ് റേഞ്ചിൽ നിന്ന് സ്‌കോർ ചെയ്തു. കൗണ്ടർ അറ്റാക്ക് ആരംഭിക്കുന്നതിന് മുമ്പ് ബാഴ്‌സലോണ ഡിഫൻഡർ ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ ജോസ് അർനൈസിനെ ഫൗൾ ചെയ്തതായി ഒസാസുന കളിക്കാർ റഫറിയോട് പരാതിപ്പെട്ടു, എന്നാൽ VAR പരിശോധന ഗോൾ സ്ഥിരീകരിച്ചു.

ലെവൻഡോവ്‌സ്‌കിയുടെ ഗോളിന് ശേഷം സാവി ജോവോ ഫെലിക്‌സിനെ ഇറക്കി. പോർച്ചുഗീസ് താരത്തിന്റെ വരവ് ബാഴ്‌സയുടെ മുന്നേറ്റത്തിന് ഉത്തേജനം നൽകി.ഒസാസുന ഗോൾകീപ്പർ ഹെരേരയെ രണ്ട് മികച്ച സേവുകൾ നടത്തി ഗോളുകൾ വീഴുന്നതിൽ നിന്നും അവരെ രക്ഷിച്ചു. ഇഞ്ചുറി ടൈമിൽ ജോവോ ഫെലിക്‌സിന്റെ അസ്സിസ്റ്റിൽ നിന്നും ലാമിൻ യമൽ ബാഴ്സയുടെ രണ്ടാം ഗോൾ നേടി. ഒസാസുനയ്‌ക്കെതിരായ ബാഴ്‌സലോണയുടേത് സെപ്റ്റംബറിന് ശേഷം ഒരു ഗോളിൽ കൂടുതൽ നേടിയ ആദ്യ വിജയമായിരുന്നു.14 തവണ ബാഴ്സലോണ സൂപ്പർ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്.