കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ആദ്യ ഐഎസ്എൽ വിജയത്തെക്കുറിച്ച് സ്പാനിഷ് സ്‌ട്രൈക്കർ ജീസസ് ജിമെനെസ് | Kerala Blasters

ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. ആദ്യ മത്സരം പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സിന് ഈ വിജയം അത്യാവശ്യമായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് സ്‌ട്രൈക്കർ ജീസസ് ജിമിനസിന്റെ കരിയറിലെ ആദ്യ ഐഎസ്എൽ വിജയം ആയി കൂടി ഇത് . ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ ജിമിനസ് ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ ആദ്യ ഗോൾ നേടിയിരുന്നു. ഈസ്റ്റ് ബംഗാളിനെതിരെ താരത്തിന് ഗോളുകൾ ഒന്നും നേടാൻ സാധിച്ചില്ലെങ്കിലും മികച്ച പ്രകടനം നടത്തി. ആദ്യ പകുതിയിൽ താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉള്ള തന്റെ ആദ്യ വിജയത്തിന്റെ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് ജീസസ് ജിമിനസ്.

” മൽസര രാത്രി അവിസ്മരണീയമായിരുന്നു, ഞങ്ങളുടെ ആരാധകർ സ്റ്റേഡിയത്തിൻ്റെ എല്ലാ കോണിലും നിറഞ്ഞു. ഈ വിജയം ഞങ്ങളുടേത് പോലെ നിങ്ങളുടേതാണ്. നിങ്ങളുടെ അവിശ്വസനീയമായ പിന്തുണയ്‌ക്കും ഞങ്ങൾ ഒരിക്കലും തനിച്ചല്ലെന്ന് ഉറപ്പുവരുത്തിയതിനും നന്ദി. ഇതൊരു തുടക്കം മാത്രമാണ്, ഞങ്ങളുടെ വഴിയിൽ വരുന്ന എല്ലാത്തിനും ഞങ്ങൾ തയ്യാറാണ്, എന്നാൽ എല്ലാ ഗെയിമുകളിലും ഞങ്ങൾക്ക് നിങ്ങളെ ആവശ്യമാണ്. ഒരുമിച്ച്, ഞങ്ങൾ കൂടുതൽ ശക്തരാണ്, നമുക്ക് ഈ സ്വപ്നം കെട്ടിപ്പടുക്കുന്നത് തുടരാം, നമുക്ക് മുന്നേറാം കേരള ബ്ലാസ്റ്റേഴ്സ്!”” ജീസ ജിമിനസ് പറഞ്ഞു.

ഈസ്റ്റ് ബംഗാളിനെതിരെ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ മലയാളി താരം വിഷ്ണു പി വി നേടിയ ഗോളിലൂടെയാണ് ഈസ്റ്റ് ബംഗാള്‍ ലീഡെടുത്തത്. പിന്നാലെ നോഹ സദോയ്‌യും ക്വാമെ പെപ്രയും വല കുലുക്കിയതോടെ വിജയം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയായിരുന്നു.