‘ഗോളും അസിസ്റ്റുമായി റൊണാൾഡോ , തകർപ്പൻ ഗോളുമായി അലക്‌സ് ടെല്ലസ്’ : സൗദി പ്രൊ ലീഗിൽ മിന്നുന്ന ജയവുമായി അൽ നാസ്സർ |Cristiano Ronaldo | Al Nassr

സൗദി പ്രോ ലീഗിൽ അൽ ഇത്തിഫാഖിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ തകർപ്പൻ ജയവുമായി അൽ നാസ്സർ. ക്രിസ്റ്റ്യാനോ റൊണാൾഡോ, മാർസെലോ ബ്രോസോവിച്ച്, അലക്‌സ് ടെല്ലസ് എന്നിവർ അൽ നാസറിനായി വല കണ്ടെത്തിയപ്പോൾ മുഹമ്മദ് അൽ കുവൈകിബിയാണ് അൽ ഇത്തിഫാഖിന്റെ ഏക ഗോൾ സ്‌കോറർ.റൊണാൾഡോ ഒരു ഗോൾ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

മത്സരത്തിന്റെ 43 ആം മിനുട്ടിൽ ബ്രസീലിയൻ തരാം അലക്സ് ടെല്ലസിന്റെ തകർപ്പൻ ഗോളിൽ അൽ നാസ്സർ ലീഡ് നേടി. ഇത്തിഫാക്ക് ഡിഫൻഡർ ഹെഡ്ഡറിലൂടെ ക്ലിയർ ചെയ്ത പന്ത് ബോക്സിനു പുറത്ത് നിന്നുമുള്ള തകർപ്പൻ വോളിയിലൂടെ ടെല്ലസ് വലയിലാക്കി.1-0 ലീഡോടെ പകുതി അവസാനിപ്പിച്ച അൽ നാസർ രണ്ടാം പകുതിയിലും ആക്രമിച്ചാണ് കളി തുടങ്ങിയത്.59-ാം മിനിറ്റിൽ അൽ നാസ്സർ രണ്ടാം ഗോൾ നേടി.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഹെഡ്ഡറിലൂടെ നൽകിയ പാസിൽ നിന്നും ബ്രോസോവിച്ചാണ് ഗോൾ നേടിയത്.രണ്ട് അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടതിന് ശേഷം 73-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിന്റെ മൂന്നാം ഗോൾ നേടി.സാദിയോ മാനെയുടെ ക്രോസ് മുഹമ്മദ് അബ്ദുൾറഹ്മാൻ യൂസഫ് കൈകൊണ്ട് തടഞ്ഞതിനെത്തുടർന്ന് അൽ നാസറിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു.കിക്കെടുത്ത റൊണാൾഡോ അൽ ഇത്തിഫാഖ് കീപ്പർ പൗലോ വിക്ടടാറിനെ കീഴടക്കി ഒരു പിഴവും കൂടാതെ പന്ത് വലയിലാക്കി.ഈ സീസണിൽ അൽ നാസറിനായി റൊണാൾഡോ നേടുന്ന 21 ആം ഗോളായിരുന്നു ഇത്.

85-ാം മിനിറ്റിൽ കുവൈകിബിയിലൂടെ സ്റ്റീവൻ ജെറാർഡിന്റെ അൽ ഇത്തിഫാക്ക് ഒരു ഗോൾ മടക്കി.വിജയത്തോടെ 17 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി അൽ നാസർ രണ്ടാം സ്ഥാനത്തും 18 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി അൽ ഇത്തിഫാഖ് എട്ടാം സ്ഥാനത്തും തുടരുകയാണ്. 18 മത്സരങ്ങളിൽ നിന്നും 50 പോയിന്റുമായി അൽ ഹിലാലാണ് ഒന്നാം സ്ഥാനത്ത്.