ഫ്ലുമിനെൻസിനെ കീഴടക്കി ക്ലബ് ലോകകപ്പ് സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി |Manchester City

അർജന്റീനിയൻ സൂപ്പർ സ്‌ട്രൈക്കർ ജൂലിയൻ അൽവാരസിന്റെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലുമിനെൻസിനെ തകർത്ത് ആദ്യ ഫിഫ ക്ലബ് വേൾഡ് കപ്പ് സ്വന്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. എതിരില്ലാത്ത നാല് ഗോളിന്റെ ജയമാണ് മാഞ്ചസ്റ്റർ സിറ്റി നേടിയത്.

ക്ലബ് ലോകകപ്പ് ഫൈനലിലെ എക്കാലത്തെയും വേഗതയേറിയ ഗോൾ ജൂലിയൻ അൽവാരസ് മത്സരത്തിൽ നേടുകയും ചെയ്തു.2023 ലെ അഞ്ചാം കിരീടമാണ് മാഞ്ചസ്റ്റർ സിറ്റി നേടിയത്. ഇതാദ്യമായാണ് ഒരു ഇം​ഗ്ലീഷ് ക്ലബ് പ്രീമിയർ ലീ​​ഗ്, എഫ്എ കപ്പ്, ചാമ്പ്യൻസ് ലീ​ഗ്, സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവ ഒരു വർഷത്തിൽ സ്വന്തമാക്കുന്നത്.2016ൽ സിറ്റിയിലെത്തിയ ഗാർഡിയോള തന്റെ പതിനാറാം കിരീടമാണ് ക്ലബ്ബിനൊപ്പം നേടിയത്.മത്സരത്തിന്റെ 40-ാം സെക്കന്റിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി മുന്നിലെത്തി.

ജൂലിയൻ അൽവാരസാണ് ആദ്യ മിനിറ്റിൽ വലചലിപ്പിച്ചത്. ക്ലബ് ലോകകപ്പിന്റെ ഫൈനൽ ചരിത്രത്തിലെ ഏറ്റവും വേ​ഗമേറിയ ​ഗോളാണ് അൽവാരസ് നേടിയത്. 27-ാം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി ​ഗോൾ നേട്ടം ഇരട്ടിയാക്കി. ഫ്ലൂമിനൻസെ താരത്തിന്റെ സെൽഫ് ​ഗോളാണ് സിറ്റിയുടെ ലീഡ് ഉയർത്തിയത്. സിറ്റി താരം ഫിൽ ഫോഡന്റെ ഷോട്ട് തടയാൻ ശ്രമിച്ച നിനോയുടെ കാലിൽ തട്ടി ​ഗോൾ പോസ്റ്റിലേക്ക് ഉയർന്ന് വീഴുകയായിരുന്നു.72-ാം മിനിറ്റിൽ ഫിൽ ഫോഡൻ സിറ്റിയുടെ മൂന്നാം ഗോൾ നേടി.88-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് തന്റെ രണ്ടാം ഗോൾ നേടി സിറ്റിയുടെ നാല് ഗോളിന്റെ ജയം പൂർത്തിയാക്കി.

മൂന്ന് വ്യത്യസ്ത ടീമുകൾക്കൊപ്പം ക്ലബ് ലോകകപ്പ് നേടുന്ന ആദ്യ പരിശീലകനായി പെപ് ഗാർഡിയോളയെ വിജയം മാറ്റി. 2009ലും 2011ലും ബാഴ്‌സലോണയെയും 2013ൽ ബയേൺ മ്യൂണിക്കിനെയും കിരീടത്തിലേക്ക് നയിച്ചു.ക്രൊയേഷ്യൻ മിഡ്ഫീൽഡർ മാറ്റെയോ കൊവാചിചിന്റെ നാലാം കിരീടമാണിത്.മൂന്ന് വ്യത്യസ്ത ക്ലബ്ബുകൾക്കൊപ്പം ഫിഫ ക്ലബ് ലോകകപ്പ് ട്രോഫി ഉയർത്തുന്ന ചരിത്രത്തിലെ ആദ്യത്തെ കളിക്കാരൻ കൂടിയാണ് കോവാസിച്.2016 ലും പിന്നീട് 2017 ലും റയൽ മാഡ്രിഡിനൊപ്പം അദ്ദേഹം ഇത് നേടി. പിന്നീട് 2021ൽ ചെൽസിക്കൊപ്പം അത് നേടി.