900-ാം ഗോളുമായി റൊണാൾഡോ , ക്രോയേഷ്യക്കെതിരെ പോർച്ചുഗലിന് ജയം : സ്പെയിനിനെ സമനിലയിൽകുടുക്കി സെർബിയ | Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ 900-ാം ഗോളിൻ്റെ പിൻബലത്തിൽ നേഷൻസ് ലീഗ് മത്സരത്തിൽ ക്രൊയേഷ്യയ്‌ക്കെതിരെ വിജയവുമായി പോർച്ചുഗൽ. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്.ഏഴാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് കൊടുത്ത പാസിൽ നിന്നും ദലോട്ട് നേടിയ ഗോളിൽ പോർച്ചുഗൽ മുന്നിലെത്തി.

പോർച്ചുഗലിൻ്റെ അഞ്ച് യൂറോ 2024 മത്സരങ്ങളിൽ ഗോൾ നേടുന്നതിൽ പരാജയപ്പെട്ട റൊണാൾഡോ 34 ആം മിനുട്ടിൽ പോർച്ചുഗലിന്റെ ലീഡ് ഇരട്ടിയാക്കി.നുനോ മെൻഡിസിൻ്റെ ഒരു പെർഫെക്റ്റ് ക്രോസി നിന്നുമാണ് റൊണാൾഡോ ഗോൾ നേടിയത്, കരിയറിലെ 900 ആം ഗോളാണ് റൊണാൾഡോ നേടിയത്. 41 ആം മിനുട്ടിൽ സോസയുടെ ഒരു സ്ലൈഡിംഗ് ശ്രമം ഡാലോട്ട് സ്വന്തം വലയിലേക്ക് തിരിച്ചുവിട്ടപ്പോൾ ക്രോയേഷ്യ മത്സരത്തിലേക്ക് തിരിച്ചുവന്നു.വ്യാഴാഴ്ച നടന്ന ലീഗ് എ ഗ്രൂപ്പ് 1 മത്സരത്തിൽ പോളണ്ട് 3-2ന് സ്‌കോട്ട്‌ലൻഡിനെ പരാജയപ്പെടുത്തി.

യൂറോ 2024 ചാമ്പ്യന്മാരായ സ്‌പെയിൻ വ്യാഴാഴ്ച നേഷൻസ് ലീഗ് ഗ്രൂപ്പ് നാലിൽ സെർബിയയുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇതോടെ ഒമ്പത് ഗെയിമുകളുടെ വിജയ പരമ്പര അവസാനിപ്പിക്കുകയും മാർച്ചിന് ശേഷമുള്ള അവരുടെ ആദ്യ പോയിൻ്റുകൾ നഷ്ടപ്പെടുകയും ചെയ്തു. യൂറോപ്യൻ ചാമ്പ്യൻഷിപ്പ് കാമ്പെയ്‌നിന് ശേഷം അവരുടെ ആദ്യ മത്സരം കളിച്ച സ്‌പെയിനിന് ആധിപത്യം ഉണ്ടായിരുന്നെങ്കിലും 22 സ്കോറിംഗ് ശ്രമങ്ങളിൽ ഗോളാക്കി മാറ്റാനായില്ല.

പരിക്കേറ്റ ഗോൾകീപ്പർ ഉനൈ സിമോണും, മിഡ്ഫീൽഡർ റോഡ്രി, ക്യാപ്റ്റൻ അൽവാരോ മൊറാറ്റ തുടങ്ങിയ പ്രധാന കളിക്കാർ ഇല്ലാതെയാണ് സ്പെയിൻ ഇറങ്ങിയത്.ആദ്യ പകുതിയിൽ രണ്ട് ഷോട്ടുകൾ മാത്രമാണ് സ്‌പെയിൻ ലക്ഷ്യത്തിലെക്ക് അടിച്ചത്.സെർബിയ ഫോർവേഡ് ലൂക്കാ ജോവിച്ച് പോയിൻ്റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് ഒരു സുവർണാവസരം നഷ്ടപ്പെടുത്തുകയും ചെയ്തു.ഇടവേളയ്ക്ക് ശേഷം യൂറോപ്യൻ ചാമ്പ്യന്മാർ സജീവമായെങ്കിലും ഡാനി കാർവാജലിൻ്റെ ക്ലോസ് റേഞ്ച് വോളി ഉൾപ്പെടെ നിരവധി നല്ല അവസരങ്ങൾ പാഴാക്കി. മറ്റൊരു മത്സരത്തിൽ ഡെൻമാർക്ക്‌ സ്വിറ്റ്‌സർലൻഡിനെ 2-0ന് പരാജയപ്പെടുത്തി.