മെസ്സിയുടെ പേര് ഉപയോഗിച്ച് സൗദി അറേബ്യയിലും റൊണാൾഡോക്ക് പരിഹാസം

സൗദി സൂപ്പർ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ അൽ നസ്ർ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അൽ ഇത്തിഹാദ് അൽ നസ്റിനെ പരാജയപ്പെടുത്തിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിൽ അൽ നസ്റിന് വേണ്ടി ഇറങ്ങിയിരുന്നുവെങ്കിലും ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല.

ഇതോടുകൂടി അൽ നസ്‌ർ സൗദി സൂപ്പർ കപ്പിൽ നിന്നും ഫൈനൽ കാണാതെ പുറത്തായിട്ടുണ്ട്. ഫസ്റ്റ് ഹാഫിൽ തന്നെ രണ്ട് ഗോളുകൾ നേടിക്കൊണ്ട് അൽ ഇത്തിഹാദ് വിജയം ഉറപ്പിച്ചിരുന്നു.അൽ നസ്റിന് വേണ്ടി രണ്ട് മത്സരങ്ങളാണ് റൊണാൾഡോ കളിച്ചിട്ടുള്ളത്. എന്നാൽ ഇതുവരെ ഗോളോ അസിസ്റ്റോ നേടാൻ ഈ പോർച്ചുഗീസ് താരത്തിന് കഴിഞ്ഞിട്ടില്ല.

റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിലായിരുന്നു ഈ മത്സരം നടന്നിരുന്നത്. എന്നാൽ ഇവിടെ റൊണാൾഡോയെ വെറുതെ വിടാൻ അൽ ഇത്തിഹാദ് ആരാധകർ ഒരുക്കമായിരുന്നില്ല.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബദ്ധവൈരിയയായ ലയണൽ മെസ്സിയുടെ പേര് ചാന്റ് ചെയ്തു കൊണ്ടാണ് റൊണാൾഡോയെ ഈ ആരാധകർ വരവേറ്റത്. ഇതിന്റെ വീഡിയോ ഇപ്പോൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും പരിശീലനം നടത്തുന്ന സമയത്ത് മെസ്സി..മെസ്സി..എന്നാണ് എതിർ ആരാധകർ ചാന്റ് ചെയ്യുന്നത്.എന്നാൽ ഇവർക്ക് മറുപടി നൽകാൻ റൊണാൾഡോക്ക് സാധിച്ചതുമില്ല.കളിക്കളത്തിൽ നിരാശാജനകമായ പ്രകടനമായിരുന്നു റൊണാൾഡോ പുറത്തെടുത്തിരുന്നത്.അൽ നസ്റിന്റെ ജേഴ്സിയിലുള്ള റൊണാൾഡോയുടെ ആദ്യ ഗോളിന് വേണ്ടിയുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്.

സൗദി അറേബ്യയിൽ ലയണൽ മെസ്സിക്ക് എതിരെയായിരുന്നു റൊണാൾഡോ അരങ്ങേറ്റം നടത്തിയിരുന്നത്.പിഎസ്ജിക്കെതിരെയുള്ള ഫ്രണ്ട്‌ലി മത്സരത്തിൽ രണ്ട് ഗോളുകൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. പക്ഷേ അൽ നസ്ർ ജേഴ്‌സിയിൽ ഗോളുകൾ ഒന്നും വന്നിട്ടില്ല.അടുത്ത അൽ ഫത്തേഹ്നെതിരെയുള്ള മത്സരത്തിലെങ്കിലും ഗോൾ പിറക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.