ആൻഫീൽഡിൽ ലിവര്പൂളിനെ വീഴ്ത്തി റയൽ മാഡ്രിഡ് : കുതിപ്പ് തുടർന്ന് നാപോളി

ചാമ്പ്യൻസ് ലീഗ് റൗണ്ട്-16 ആദ്യ പാദത്തിൽ മിന്നുന്ന ജയവുമായി നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്. ആൻഫീൽഡിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളിന്റെ വിജയമാണ് റയൽ നേടിയത്.രണ്ടു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് റയൽ അഞ്ചു ഗോളുകൾ നേടി വിജയം കൊയ്തത്. റയൽ മാഡ്രിഡിനായി വിനീഷ്യസ് ജൂനിയറും കരീം ബെൻസെമയും ഇരട്ട ഗോളുകൾ നേടി .

മത്സരം തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ സല വലതു വിങ്ങിൽ നിന്ന് നൽകിയ പാസ് ഫ്ലിക്ക് ചെയ്ത് ഡാർവിൻ നൂനസ് ലിവർപൂളിന് മുന്നിലെത്തിച്ചു.14ആം മിനുട്ടിൽ മാഡ്രിഡ് കീപ്പർ തിബൗട്ട് കോർട്ടോയിസിന്റെ അമ്പരപ്പിക്കുന്ന അബദ്ധത്തിൽ നിന്നും സല ലിവർപൂളിന്റെ ലീഡ് ഇരട്ടിയാക്കി.21ആം മിനുട്ടിൽ ബെൻസീമയിൽ നിന്ന് പാസ് സ്വീകരിച്ച് വിനീഷ്യസ് റയലിന്റെ ആദ്യ ഗോൾ നേടി.36ആം മിനുട്ടിൽ അലിസൺ വരുത്തിയ പിഴവിൽ നിന്നും വിനീഷ്യസ് തന്നെ റയലിന് സമനില നേടിക്കൊടുത്തു. രണ്ടാം പകുതിയുടെ തുടകത്തിൽ ഒരു ഫ്രീകിക്കിൽ നിന്ന് എഡർ മിലിറ്റാവോയുടെ ഹെഡർ 2 -3 ആക്കി ഉയർത്തി.

55 ആം മിനുട്ടിൽ ബെൻസൈമയുടെ ഗോൾ ഗോൾ സ്കോർ 2 -4 ആക്കി ഉയർത്തി. 67 ആം മിനുട്ടിൽ വിനീഷ്യസിന്റെ പാസിൽ നിന്നും ബെൻസിമ റയലിന്റെ അഞ്ചാം ഗോൾ നേടി വിജയം പൂർത്തിയാക്കി.ക്ലബ് ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗിൽ അഞ്ച് ഗോളുകൾ വഴങ്ങിയ ലിവർപൂളിനെ മാർച്ച് 15 ന് സാന്റിയാഗോ ബെർണബ്യൂവിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിനിറങ്ങുമ്പോൾ ക്വാർട്ടറിൽ കടക്കണമെങ്കിൽ അത്ഭുതങ്ങൾ കാണിക്കേണ്ടി വരും.

മറ്റൊരു മത്സരത്തിൽ നാപോളി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തി.വിക്ടർ ഒസിംഹെൻ, ജിയോവാനി ഡി ലോറെൻസോ എന്നിവരാണ് നാപോളിയുടെ ഗോളുകൾ നേടിയത്.36-ാം മിനിറ്റിൽ നാപോളിക്ക് ലഭിച്ച പെനാൾട്ടി ക്വാറത്‌സ്‌ഖേലിയ പാഴാക്കിയെങ്കിലും 40-ാം മിനിറ്റിൽ ഒസിമെൻ നാപോളിക്ക് ലീഡ് നൽകി.

65-ാം മിനിറ്റിൽ ക്വാറയുടെ അസിസ്റ്റിലൂടെ ഡി ലോറെൻസോ കൂടെ ഗോൾ കണ്ടെത്തിയതോടെ നാപോളിയുടെ വിജയം ഉറപ്പായി.58-ാം മിനിറ്റിൽ കോലോ മുവാനി ചുവപ്പ് കാർഡ് കണ്ടതും ഫ്രാങ്ക്ഫർട്ടിന് വലിയ തിരിച്ചടിയായി.2018-19 ൽ അർക്കാഡിയസ് മിലിക്ക് ശേഷം ഒരു സീസണിലെ എല്ലാ മത്സരങ്ങളിലും 20 ഗോളുകൾ നേടുന്ന ആദ്യത്തെ നാപ്പോളി കളിക്കാരനായി ഒസിംഹെൻ.