‘ഞാനൊരു മലയാളിയാണ്! ഈ ടീമിനായി ഒരു ട്രോഫി നേടാതെ എങ്ങനെ പോകും!’ : രാഹുൽ കെപി | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പതിനൊന്നാം സീസൺ ഇന്ന് ആരംഭിക്കും.സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് മുംബൈ സിറ്റി എഫ്‌സിയെ നേരിടും. കൊൽക്കത്തയിൽ വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുക.ഐഎസ്എൽ പതിനൊന്നാം സീസണിൽ പതിമൂന്ന് ടീമുകൾ കിരീടത്തിനായി മത്സരിക്കും, കൊൽക്കത്ത ആസ്ഥാനമായുള്ള ക്ലബ് മൊഹമ്മദൻ സ്‌പോർട്ടിംഗാണ് പുതുമുഖം.

ആദ്യ കിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്, കഴിഞ്ഞ ഐഎസ്എൽ സീസണിലെ ആദ്യ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത പഞ്ചാബ് എഫ്‌സിയും ചാമ്പ്യൻഷിപ്പ് വീണ്ടെടുക്കാൻ ശ്രമിക്കുന്ന മോഹൻ ബഗാനും പുതിയ പരിശീലകരുടെ നേതൃത്വത്തിലാണ് കളിക്കുന്നത്.ഇവാൻ വുകോമാനോവിച്ചിന് പകരക്കാരനായ പുതിയ പരിശീലകൻ മൈക്കൽ സ്റ്റാഹെയിൽ നിന്നും ടീമിൻ്റെ പുതിയ സൈനിംഗുകളിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകർ വലിയ പ്രതീക്ഷയിലാണ്. സെപ്റ്റംബർ 15 ഞായറാഴ്ച പഞ്ചാബിനെതിരെ സ്വന്തം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഐഎസ്എൽ മത്സരത്തിന് ഇറങ്ങുമ്പോൾ പഞ്ചാബ് എഫ്സിയാണ് എതിരാളികൾ.

ക്ലബ്ബിലെ ഈ സീസണിലെ പ്രതീക്ഷകളെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സിലെ മലയാളി താരം രാഹുൽ കെപി തുറന്ന് സംസാരിച്ചിരിക്കുകയാണ്. “മൂന്ന് ഫൈനൽ കളിച്ചിട്ടും ട്രോഫി ഇല്ലാത്തതിൽ ഞങ്ങൾ നിരാശരാണ് ഇടക്കാലത്ത് ക്ലബ് വിടണമോ എന്ന ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഞാനൊരു മലയാളിയാണ്! ഈ ടീമിനായി ഒരു ട്രോഫി നേടാതെ എങ്ങനെ പോകും” രാഹുൽ കെ പി പറഞ്ഞു.”ഏറ്റവും വിശ്വസ്തരായ ആരാധകരുള്ള ക്ലബ്ബാണിത്! കൂടുതൽ എന്ത് പറയാൻ? ക്ലബ്ബിനോട് ഇത്രയും കൂറ് പുലർത്തുന്ന ആരാധകർ വേറെയില്ല. വിമർശിച്ചാലും, അവർ കളി കാണാനും പിന്തുണയ്ക്കാനും മടങ്ങിവരും” രാഹുൽ കൂട്ടിച്ചേർത്തു.

“ട്രോഫി നേടാനാകാത്തതിൽ വിഷമമുണ്ട്. ഫുട്ബോളിനെ സ്നേഹിച്ചാണ് ഞാൻ വളർന്നത്. ആരാധകരുടെ നിരാശ എനിക്കറിയാം. അത് മാറ്റാൻ ഞാൻ സാധ്യമായതെല്ലാം ചെയ്യും ” രാഹുൽ പറഞ്ഞു.“സഹൽ അബ്ദുൾ സമദ് പോയപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി. വ്യക്തിപരമായി പോലും പങ്കുവെക്കുന്ന അടുത്ത സുഹൃത്തായിരുന്നു സഹൽ. പിന്നെ, പ്രശാന്തേട്ടനും (കെ. പ്രശാന്ത്) നല്ല അടുപ്പമായിരുന്നു” അദ്ദേഹം പറഞ്ഞു.