“ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യം”- ആരാധകരെ തള്ളിക്കളഞ്ഞ് പിഎസ്‌ജി

ലയണൽ മെസി, നെയ്‌മർ തുടങ്ങിയ താരങ്ങൾക്കെതിരെ പിഎസ്‌ജി ആരാധകർ നടത്തുന്ന പ്രതിഷേധത്തെ വിമർശിച്ച് പിഎസ്‌ജി. ലയണൽ മെസി ക്ലബിന്റെ സമ്മതമില്ലാതെ സൗദി സന്ദർശനം നടത്തി വിവാദമായി ക്ലബ് താരത്തെ സസ്‌പെൻഡ് ചെയ്‌തുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് ഫ്രാൻസിൽ സമാനതകളില്ലാത്ത പ്രതിഷേധം അരങ്ങേറിയത്.

പിഎസ്‌ജിയുടെ ഹെഡ് ക്വാർട്ടേഴ്‌സിനു മുന്നിലും നെയ്‌മറുടെ വീടിനു മുന്നിലും ആരാധകർ പ്രതിഷേധവുമായി എത്തിയിരുന്നു. ഈ രണ്ടു താരങ്ങളും ഉടനെ തന്നെ ക്ലബ് വിടണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. ഇതിനു പുറമെ ക്ലബിന്റെ മധ്യനിരതാരം മാർക്കോ വെറാറ്റി, ക്ലബ് പ്രസിഡന്റായ നാസർ അൽ ഖലൈഫി എന്നിവർക്കു നേരെയും ആരാധകർ പ്രതിഷേധം ഉയർത്തിയിരുന്നു.

എന്നാൽ ഇതിനു പിന്നാലെ പിഎസ്‌ജി നടത്തിയ ഔദ്യോഗിക പ്രസ്‌താവന ആരാധകരെ തള്ളിക്കളയുന്നതാണ്. വ്യത്യസ്‌തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന രീതി ഇതല്ലെന്നും ഒരു ചെറിയ ഗ്രൂപ്പ് നടത്തുന്ന ഇത്തരം പ്രതിഷേധത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു. ആരാധകർ ലക്ഷ്യമിട്ടത് താരങ്ങളായാലും ക്ലബ് സ്റ്റാഫുകളായാലും അവർക്ക് പിന്തുണ നൽകുമെന്നും അവർ വ്യക്തമാക്കി.

ലയണൽ മെസിക്കെതിരെ പിഎസ്‌ജി ആരാധകർ തിരിയാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഖത്തർ ലോകകപ്പിൽ അർജന്റീന ഫ്രാൻസിനെ തോൽപ്പിച്ച് കിരീടം നേടിയതിന്റെ മുറിവ് ആരാധകർക്ക് ഇപ്പോഴും ഉണങ്ങിയിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്‌ജി പുറത്തായതിന് പിന്നാലെ മെസിയെ മാത്രം ലക്ഷ്യമിട്ടു വന്ന അധിക്ഷേപങ്ങളിൽ നിന്നും ഇക്കാര്യം വ്യക്തമാണ്.

എന്തായാലും ഫുട്ബോൾ ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള പ്രതിഷേധമാണ് ഫ്രാൻസിൽ നടക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. ചില താരങ്ങളെ ക്ലബിൽ നിന്നും പുറത്താക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ആരാധകർ പ്രതിഷേധിക്കുന്നത് ഫുട്ബോളിൽ അപൂർവമാണ്. പിഎസ്‌ജിയിലെ സ്ഥിതി ഗുരുതരമാണെന്ന് ഇക്കാര്യം വ്യക്തമാക്കുന്നു.