അർജന്റീനയുടെ ഭാഗ്യം നൽകുന്ന സൂപ്പർ താരത്തിനെ ആർക്കും വിട്ടുനൽകില്ലെന്ന് പെപ് ഗ്വാർഡിയോളയുടെ ടീം

യൂറോപ്യൻ ഫുട്ബോളിന്റെ ഈ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കിരീടം കൂടി നേടി മാഞ്ചസ്റ്റർ സിറ്റി സീസൺ അവസാനിച്ചപ്പോൾ യൂറോപ്പിലെ തന്നെ ഈ സീസണിലെ ഏറ്റവും മികച്ച ക്ലബ്ബായി പെപ് ഗാർഡിയോളയുടെ സിറ്റി മാറി. ഫൈനലിൽ ഇന്റർ മിലാനെയാണ് മാഞ്ചസ്റ്റർ സിറ്റി തോല്പിച്ചത്.

മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം കൂടി നേടിയപ്പോൾ സീസണിൽ വേൾഡ് കപ്പ്‌ കൂടി നേടിയ അർജന്റീന താരം ജൂലിയൻ അൽവാരസിന് ഇത് ഇരട്ടിമധുരമായി. തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ഈ സൂപ്പർ താരം അരങ്ങേറ്റം കുറിച്ച കോപ്പ അമേരിക്ക, ഫൈനലിസിമ, ഫിഫ വേൾഡ് കപ്പ്‌ ടൂർണമെന്റുകളിലെല്ലാം അർജന്റീന കിരീടം ഉയർത്തി.

മാഞ്ചസ്റ്റർ സിറ്റിയിലെ ആദ്യ സീസണിൽ തന്നെ എഫ്എ കപ്പ്‌, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, യുവേഫ ചാമ്പ്യൻസ് ലീഗ് എന്നിവ നേടിയ ജൂലിയൻ അൽവാരസിന്റെ കരാർ മാഞ്ചസ്റ്റർ സിറ്റി ഖത്തറിലെ ഫിഫ വേൾഡ് കപ്പിന് ശേഷം 2028 വരെയായി പുതുക്കി നൽകിയിരുന്നു. ഇതോടെ യൂറോപ്യൻ ഫുട്ബോളിൽ അർജന്റീന സൂപ്പർ താരത്തിന്റെ ഭാവി സുരക്ഷിതമായി.

എന്നാൽ ജൂലിയൻ അൽവാരസ്‌ മാഞ്ചസ്റ്റർ സിറ്റി വിടുമോയെന്ന കാര്യത്തിൽ ആരാധകർക്ക് ആശങ്കയുണ്ട്. അർജന്റീനയിലെ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ജൂലിയൻ അൽവാരസിന് മാഞ്ചസ്റ്റർ സിറ്റി വിടാൻ താല്പര്യമില്ല, അതുപോലെ തന്നെ സൂപ്പർ താരത്തിനെ വിട്ടുകൊടുക്കാൻ നിലവിലെ യൂറോപ്യൻ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്കും പ്ലാനില്ല.

ജൂലിയൻ അൽവാരസിനെ മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബ് വിടണമെങ്കിൽ ഒരേയൊരു സാധ്യത മാത്രമാണുള്ളത്. 2028 വരെ കരാർ പുതുക്കിയ താരത്തിന് വേണ്ടി വമ്പൻ ഓഫറുമായി ഏതെങ്കിലുമൊരു വമ്പൻ ക്ലബ്ബ് മുന്നോട്ടു വന്നാൽ മാത്രമേ താരത്തിനെ വിട്ടുകൊടുക്കുന്നതിനെ കുറിച്ച് മാഞ്ചസ്റ്റർ സിറ്റി ആലോചിക്കുകയുള്ളൂ. നിലവിലെ സാഹചര്യത്തിൽ ഒരു ക്ലബ്ബും ഈ താരത്തിന് വേണ്ടി വമ്പൻ ഓഫർ നൽകാൻ സാധ്യതകളില്ല എന്നതും മറ്റൊരു വസ്തുത.