പപ്പു ഗോമസിന്റെ ലോകകപ്പ് നേട്ടത്തിൽ ലഭിച്ച സ്വർണപതക്കം നഷ്ടപ്പെട്ടേക്കും |Papu Gómez

2022ലെ ഖത്തർ ഫിഫ വേൾഡ് കപ്പിൽ കിരീടം ഉയർത്തിയ അർജന്റീന ദേശീയ ടീമിലെ താരമായ പപ്പു ഗോമസ് ഉത്തെജക മരുന്ന് ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനാൽ ഫുട്ബോളിൽ നിന്ന് വിലക്കിയിരുന്നു. 35 വയസ്സുകാരനായ അർജന്റീന മുന്നേറ്റ നിര താരത്തിന് രണ്ടുവർഷത്തേക്കാണ് ഫുട്ബോളിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയത്.

സ്പാനിഷ് ക്ലബ്ബായ സേവിയ്യയിൽ കളിക്കുന്ന സമയത്ത് നടത്തിയ ടെസ്റ്റിലാണ് താരം ഉത്തേജകമരുന്ന് ഉപയോഗിച്ചുവേന്ന് കണ്ടെത്തിയത്. ഫിഫ ലോകകപ്പിന് തൊട്ടുമുൻപായി ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്ന് ആന്റി ഡോപ്പിംഗ് കമ്മിറ്റി താരത്തിനെ ഫുട്ബോളിൽ നിന്നും രണ്ടു വർഷത്തേക്ക് വിലക്കിയതിനാൽ കരിയറിൽ ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകാനുള്ള സാധ്യതകളും കുറവാണ്.

ഫിഫ വേൾഡ് കപ്പിൽ രണ്ടു മത്സരങ്ങളിലാണ് അർജന്റീനക്ക് വേണ്ടി താരം ബൂട്ട് കെട്ടിയത്. ഉത്തേജകമരുന്ന് ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനാൽ തന്നെ താരത്തിന്റെ ഫിഫ ലോകകപ്പ് മെഡൽ, സേവിയകൊപ്പം നേടിയ യൂറോപ്പ ലീഗ് മെഡൽ എന്നിവ തിരിച്ചെടുത്തേക്കും. താരത്തിന്റെ മെഡലുകൾ തിരിച്ചെടുക്കുമെങ്കിലും അർജന്റീനയും സെവിയയും നേടിയ നേട്ടങ്ങളെ ഇത് ബാധിക്കില്ല.

എന്നാൽ താൻ മനപ്പൂർവ്വം ഉത്തേജകമരുന്ന് ഉപയോഗിച്ചിട്ടില്ല എന്നും ഡോക്ടർമാരുടെ നിർദ്ദേശം ഇല്ലാതെ അസുഖ സാഹചര്യത്തിൽ തന്റെ മക്കളുടെ സിറപ്പിൽ നിന്നും അല്പം കുടിച്ചതിനാലാണ് ടെസ്റ്റ് പോസിറ്റീവ് ആയത് എന്നാണ് പപ്പു ഗോമസിന്റെ ഭാഗത്തുനിന്നുള്ള വാക്കുകൾ. എന്തായാലും അടുത്തവർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് ഉൾപ്പെടെയുള്ളവ നഷ്ടപ്പെടുന്ന പപ്പു ഗോമസ് ഫുട്ബോളിൽ നിന്നും വിരമിക്കാനുള്ള സാധ്യതകൾ ഏറെ ആണെന്നും റിപ്പോർട്ടുകൾ ഉണ്ട്.