കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യത്തെ വിദേശ സൈനിംഗ് ആയിരുന്നു മൊറോക്കൻ ഫോർവേഡ് നോഹ സദോയ്. കഴിഞ്ഞ രണ്ട് സീസണുകളിൽ ഗോവ എഫ്സി-യുടെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച നോഹ സദോയിയെ എത്തിച്ചതിലൂടെ തങ്ങളുടെ ആക്രമണനിര മികച്ചതാക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഗോളുകൾ അടിച്ചുകൂട്ടിയ താരമാണ് നോഹ സദോയ്.
ഇതിന്റെ തുടർച്ച എന്നോണം കേരള ബ്ലാസ്റ്റേഴ്സിലും താരം തുടക്കം ഗംഭീരമാക്കി. ഡ്യുറണ്ട് കപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ഹാട്രിക്കുകൾ ഉൾപ്പെടെ 6 ഗോളുകൾ നേടിയ നോഹ സദോയ്, ടൂർണമെന്റിന്റെ ഗോൾഡൻ ബൂട്ട് വിന്നർ ആയി മാറിയിരുന്നു. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ്സിക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ മൊറോക്കൻ താരത്തിന് ഗോളുകൾ ഒന്നും നേടാൻ സാധിച്ചിരുന്നില്ല. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.
കൊച്ചിയിലെ മത്സരത്തിന് ശേഷം നോഹ തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.”ഈ ജേഴ്സി ധരിച്ച്, നമ്മുടെ ക്ലബിനെ പ്രതിനിധീകരിച്ച് നിങ്ങളുടെ മുമ്പിൽ കളിക്കാൻ സാധിച്ചത് വലിയൊരു അഭിമാനമായി കാണുന്നു. ഞങ്ങൾ ആഗ്രഹിച്ച ഫലമല്ലെങ്കിലും, ഇനി മുന്നോട്ട് പോകാൻ നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയുണ്ടാവണം, ഈ പിന്തുണയാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഞങ്ങൾ ശക്തമായി തിരിച്ചുവരും! ” നോഹ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു.
അഡ്രിയാൻ ലൂണ, ജീസസ് ജിമിനെസ് എന്നിവർക്കൊപ്പം ചേർന്ന് നോഹ സദോയ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിന്റെ വേഗത വർദ്ധിപ്പിക്കുകയും, ആക്രമണത്തിന് ചുക്കാൻ പിടിക്കുകയും ചെയ്യും എന്നുതന്നെയാണ് ക്ലബ്ബിന്റെയും ആരാധകരുടെയും പ്രതീക്ഷ. അങ്ങനെ സംഭവിക്കുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് സീസണിൽ മികച്ച പ്രകടനം നടത്താൻ സാധിക്കും.ജീസസ് ജിമിനെസ് അരങ്ങേറ്റത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടുകയും ചെയ്തു.