രണ്ടാം ഹാട്രിക്കുമായി നോഹ ,ഡ്യൂറൻഡ് കപ്പിൽ ഗോളുകൾ അടിച്ചുകൂട്ടി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഡ്യൂറൻഡ് കപ്പിൽ സിഐഎസ്എഫ് പ്രൊടെക്ടെഴ്സിനെതിരെയുള്ള അവസാന ഗ്രൂപ്പ് മത്സരത്തിൽ വമ്പൻ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് . എതിരില്ലാത്ത 7 ഗോളുകളുടെ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. ബ്ലാസ്റ്റേഴ്സിനായി നോഹ സദൗയി ഹാട്രിക് നേടി.വിജയത്തോടെ ക്വാർട്ടറിൽ സ്ഥാനം ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അയ്മൻ, പെപ്ര ,അസർ , നോച്ച സിംഗ് , നോഹ (3 ) എന്നിവർ ഗോളുകൾ നേടി.

മത്സരത്തിന്റെ ആറാം മിനുട്ടിൽ ക്വാം പെപ്ര നേടിയ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് അക്കൗണ്ട് തുറന്നു. നോഹയുടെ പാസിൽ നിന്നുമാണ് പെപ്രയുടെ മികച്ച ഗോൾ പിറന്നത്. ഒന്പതാം മിനുട്ടിൽ അയ്മൻ കൊടുത്ത അസ്സിസ്റ്റിൽ നിന്നും നോഹ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. 16 ആം മിനുട്ടിൽ പെപ്രയുടെ അസ്സിസ്റ്റിൽ നിന്നും അയ്മൻ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ നേടി.

20 ആം മിനുട്ടിൽ നോഹ നാലാം ഗോളും 25 ആം മിനുട്ടിൽ നോച്ച സിംഗ് അഞ്ചാം ഗോളും നേടി.കേരള ബ്ലാസ്റ്റേഴ്സിൽ കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ച നവോച്ച, ഈ സീസണിൽ മഞ്ഞപ്പടക്കൊപ്പം പെർമനന്റ് കോൺട്രാക്ട് സൈൻ വച്ചിരുന്നു. നവോച്ചയുടെ സീസണിലെ ആദ്യ ഗോൾ കൂടിയാണ് ഇത്. ആദ്യ പകുതിക്ക് മുന്നേ അസർ ഗോൾ നേടി സ്കോർ 6 -0 ആക്കി.സഹോദരന് പിന്നാലെ മുഹമ്മദ് അസ്ഹറും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ കണ്ടെത്തി.

കൂടുതൽ സ്കോർ ചെയ്യാനുള്ള ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നു. രണ്ടാം പകുതിയിൽ സിഐഎസ്എഫ് പ്രൊടെക്ടെഴ്സിന്റെ ഭാഗത്ത് നിന്നും ചില മുന്നേറ്റങ്ങൾ കാണാൻ സാധിച്ചു.സിഐഎസ്എഫിൻ്റെ ഭോലയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.72 ആം മിനുട്ടിൽ സിഐഎസ്എഫിന് മറ്റൊരു സുവർണാവസരം കൂടി ലഭിച്ചു.സിഐഎസ്എഫ് ഒരു ആശ്വാസ ഗോൾ നേടാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ലക്‌ഷ്യം കാണാൻ സാധിച്ചില്ല.88 ആം മിനുട്ടിൽ നോഹ സദൗയി പെനാൽറ്റി നഷ്ടപെടുത്തിയെങ്കിലും തൊട്ടടുത്ത മിനുട്ടിൽ ഗോൾ നേടി ഹാട്രിക്ക് തികച്ചു.