നോഹ – ജീസസ് ജിമിനസ്-പെപ്ര : ഐഎസ്എല്ലിലെ ഏറ്റവും മൂർച്ചയേറിയ ആക്രമണ ത്രയം | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്സിയെ നേരിടാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തൻ ക്ലബ് മൊഹമ്മദനെ അവരുടെ നാട്ടിൽ പോയി തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. മുന്നേറ്റ നിരയുടെ മികച്ച പ്രകടനമാണ് കൊൽക്കത്തയിൽ മികച്ച വിജയം നേടിക്കൊടുത്തത്.

നോഹ – ജീസസ് ജിമിനാസ്-പെപ്ര ത്രയം ഗോളടിച്ചും ഗോളടിപ്പിച്ചും മുന്നേറികൊണ്ടിരിക്കുകയാണ്. മൊഹമ്മദൻസിനെതിരെ പകരക്കാരനായി ഇറങ്ങിയ പെപ്രേയും ജിമിനസും ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയപ്പോൾ നോഹ ആദ്യ ഗോളിന് വഴിയൊരുക്കുകയും പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു.കളിയുടെ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക്‌ ചുക്കാൻ പിടിച്ചിരുന്നത് നോഹ ആയിരുന്നു. നിരവധി ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ താരത്തിന് സാധിച്ചു.

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ മത്സരത്തിലും നോഹ തന്നെയായിരുന്നു പ്ലെയർ ഓഫ് ദി മാച്ച്. കേരള ബ്ലാസ്റ്റേഴ്സിനായി 9 മത്സരങ്ങളിൽ നിന്ന് 6 പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് നോഹ സദൗയി നേടിയിട്ടുണ്ട്. ലീഗിലെ നാലാമത്തെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം ആണ് നോഹ ഇന്നലെ നേടിയത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയപ്പോഴും നോർത്ത് ഈസ്റ്റിനെതിരെയും ഒഡിഷക്കെതിരെയും സമനില വഴങ്ങിയപ്പോഴും നോഹ തന്നെയായിരുന്നു മത്സരത്തിലെ താരം. ഈ സീസണിൽ ഗോവയിൽ നിന്നും ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയ നോഹ ഡ്യൂറൻഡ് കപ്പിലും ഐഎസ്എല്ലിലുമായി 9 മത്സരങ്ങളിൽ നിന്നും 13 ഗോളുകളിലാണ് പങ്കാളിയായിരിക്കുന്നത്.

ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തിയ ജീസസ് ജിമിനസ് മികച്ചൊരു സ്‌ട്രൈക്കറാണെന്ന് കുറച്ചു മത്സരങ്ങൾകൊണ്ടു തന്നെ തെളിയിച്ചു.ബോൾ പ്ലെയിങ് ഫോർവേഡായ ജീസസ് ജിമെനസ് പാസുകൾ നൽകിയും അവസരങ്ങൾ ഒരുക്കിയും അദ്ദേഹം സഹതാരങ്ങളെ ഗോളിലേക്കെത്തിക്കാനാണ് ശ്രമിക്കാറുള്ളത്. നിർണായക ഗോളുകൾ നേടി ബ്ലാസ്‌റ്റേഴ്‌സിനെ മുന്നോട്ട് നയിക്കുന്നതിൽ താരം വലിയ പങ്കുവഹിക്കുന്നുണ്ട്. അഞ്ചു മത്സരങ്ങളിൽ നിന്നും നാല് ഗോൾ പങ്കാളിത്തങ്ങൾ താരത്തിന്റെ പേരിലുണ്ട്.

ക്വാമേ പെപ്ര ഈ സീസണിൽ ഡ്യൂറൻഡ് കപ്പിലും ഐഎസ്എല്ലിലുമായി 9 കളിയിൽ നിന്നും 10 ഗോളുകളിൽ പങ്കാളിയായി. പകരക്കാരനായി ഇറങ്ങി മികച്ച പ്രകടനമാണ് ഘാന താരം പുറത്തെടുത്തത്. മുന്നേറ്റ നിര താരങ്ങൾ ഫോം തുടർന്നാൽ ഇത്തവണത്തെ കിരീടം ബ്ലാസ്റ്റേഴ്സിന്റെ ഷെൽഫിൽ ഇരിക്കും എന്നുറപ്പാണ്.