‘എല്ലാവരും ഈ ടീമിൽ കളിക്കാൻ ആഗ്രഹിക്കുന്നു’ : കേരളത്തിലുള്ള എല്ലാവരുടെയും സ്വപ്നമാണ് കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുക എന്നതെന്ന് നിഹാൽ സുധീഷ് | Nihal Sudeesh | Kerala Blasters

2024-25 ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) പഞ്ചാബ് എഫ്‌സിക്ക് വേണ്ടി മിന്നുന്ന പ്രകടനമാണ് മലയാളിയായ 23 കാരനായ റൈറ്റ് വിംഗർ നിഹാൽ സുധീഷ് പുറത്തെടുക്കുന്നത്.ഒരു ബോൾ ബോയ് മുതൽ ഇന്ത്യൻ നേവിയിലെ ജോലി ഉപേക്ഷിച്ച് ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാകുന്നതുവരെയുള്ള പ്രചോദനാത്മകമായ കഥ നിഹാലിന് പിന്നിലുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ കടുത്ത ആരാധകനായിരുന്നു നിഹാൽ സുധേഷ്.“എനിക്ക് 12-ഓ 13-ഓ വയസ്സുള്ളപ്പോൾ, ഐഎസ്എൽ ആരംഭിച്ചു. കേരളത്തിൽ നിന്ന് ഐഎസ്എൽ കളിക്കുന്ന ആദ്യ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഞാൻ അവരുടെ കടുത്ത ആരാധകനായിരുന്നു. ആദ്യ സീസണിൽ ഇയാൻ ഹ്യൂമും ഡേവിഡ് ജെയിംസും കളിക്കുമ്പോൾ ഞാൻ കളി കാണാൻ പോകുമായിരുന്നു.“സ്‌റ്റേഡിയം തിങ്ങിനിറഞ്ഞതിനാൽ എനിക്കത് ഒരു സ്വപ്നമായിരുന്നു. ജനക്കൂട്ടം ഭ്രാന്തന്മാരെപ്പോലെ ആർപ്പുവിളിച്ചു. രണ്ടാം സീസണിൽ ഞാൻ ഒരു ബോൾ ബോയ് ആയിരുന്നു” നിഹാൽ സുധീഷ് കൂട്ടിച്ചേർത്തു.

അതിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് യൂത്ത് സിസ്റ്റത്തിൻ്റെ ഭാഗമാകാൻ അവസരം ലഭിച്ചു, പിന്നീട് 2019-20 ഐ-ലീഗ് രണ്ടാം ഡിവിഷനിൽ കെബിഎഫ്‌സി റിസർവ്സ് ടീമിനെ പ്രതിനിധീകരിച്ചു. 2022-ൽ, റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെൻ്റ് ലീഗിലും യുകെയിൽ നടന്ന നെക്സ്റ്റ് ജെൻ കപ്പിലും ക്ലബ്ബിൻ്റെ റിസർവ് ടീമിനെ നിഹാൽ പ്രതിനിധീകരിച്ചു.“കേരളത്തിലുള്ള ആരോടെങ്കിലും അവരുടെ സ്വപ്‌നം എന്താണെന്ന് ചോദിച്ചാൽ അവർ പറയും കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ. എല്ലാവരും ഈ ടീമിൽ കളിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ മറ്റൊരാളുടെ സ്വപ്നത്തിൽ ജീവിക്കുകയായിരുന്നു. ക്ലബ്ബിനായി കളിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. നിഹാൽ വ്യക്തമാക്കി.

ഈ വർഷം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നിഹാലിനെ പഞ്ചാബ് എഫ്‌സിയിലേക്ക് ലോൺ നീക്കം സ്ഥിരീകരിച്ചു. കൂടുതൽ അനുഭവസമ്പത്തും എക്സ്പോഷറും വേണമെന്ന ആഗ്രഹമാണ് ഇതിന് കാരണമെന്ന് നിഹാൽ സുധീഷ് പറഞ്ഞു.