അമേരിക്ക തയ്യാറായിക്കോളൂ.. മെസ്സിയുടെ രംഗപ്രവേശനവും അരങ്ങേറ്റവും ഉടനെ തന്നെ!!

ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സി വർഷങ്ങളോളം നീണ്ടുനിന്ന തന്റെ യൂറോപ്യൻ ഫുട്ബോൾ കരിയറിനോട് വിട ചൊല്ലിയാണ് പുതിയ തട്ടകമായി അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമി ക്ലബ്ബിനെ തിരഞ്ഞെടുക്കുന്നതും അവർക്ക് വേണ്ടി സൈൻ ചെയ്യുന്നതും.

ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിന്മായി കരാർ അവസാനിച്ചതിന് ശേഷമായിരുന്നു യൂറോപ്പിൽ നിന്നും സൗദിയിൽ നിന്നുമുള്ള വമ്പൻ ഓഫറുകൾ വേണ്ടെന്ന് വെച്ചുകൊണ്ട് ലിയോ മെസ്സി തന്റെ കരിയർ എം എൽ എസിലേക്ക് മാറ്റിയത്. മെസ്സിയുടെ ഈ നീക്കം നിരവധി ആരാധകർക്ക് സങ്കടം നൽകിയിട്ടുണ്ട്.

മേജർ സോക്കർ ലീഗ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നതിനാൽ ലിയോ മെസ്സിയുടെ അരങ്ങേറ്റം എപ്പോഴായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും ഫുട്ബോൾ ലോകവും, ഏഴ് തവണ ബാലൻ ഡി ഓർ നേടിയ നിലവിലെ ഫിഫ വേൾഡ് കപ്പ്‌ ജേതാവിനെയാണ് ഇന്റർ മിയാമി വരവേൽക്കാൻ തയ്യാറായി നിൽക്കുന്നത്.

പ്രശസ്ത അർജന്റീന മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡ്യൂൾ ലിയോ മെസ്സിയുടെ അരങ്ങേറ്റവും ഇന്റർ മിയാമിയിലേക്കുള്ള മെസ്സിയുടെ വരവ് എപ്പോഴായിരിക്കുമെന്നതിനെ കുറിച്ച് സൂചന നൽകിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ ലിയോ മെസ്സിയുടെ ഇന്റർ മിയാമിയിലേക്കുള്ള വരവ് കവർ ചെയ്യാൻ വേണ്ടി താൻ മിയാമിയിൽ പോകുമെന്നാണ് എഡ്യൂൾ പറഞ്ഞത്.

ലിയോ മെസ്സിയെ പുതിയ താരമായി 15, 16 തീയതികളിൽ ഇന്റർ മിയാമി അവതരിപ്പിക്കുമെന്നും ലിയോ മെസ്സിയുടെ ഇന്റർ മിയാമിയിലെ ആദ്യ പരിശീലന സെഷനുകളും മറ്റും അപ്പോൾ തന്നെ ഉണ്ടാവും. സൂപ്പർ താരത്തിന്റെ അരങ്ങേറ്റ മത്സരവും ഈ മാസം അവസാനമായി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.