മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ന്യൂ കാസിൽ : മിന്നുന്ന ഫോം തുടർന്ന് റയൽ മാഡ്രിഡ് :ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്തി ആഴ്‌സനൽ :എസി മിലാനും ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ഇന്നലെ സെന്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ ന്യൂ കാസിൽ യുണൈറ്റഡിനോട് ഒരു ഗോളിന്റെ തോൽവിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റുവാങ്ങിയത്. രണ്ടാം പകുതിയിൽ ആന്റണി ഗോർഡൻ നേടിയ ഗോളിനായിരുന്നു ന്യൂ കാസിലിന്റെ ജയം. വിജയത്തോടെ എഡി ഹോവിന്റെ ടീം 14 ഗെയിമുകൾക്ക് ശേഷം 26 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു, എറിക് ടെൻ ഹാഗിന്റെ ടീം 24ന് ഏഴാം സ്ഥാനത്തേക്ക് വീണു.

1922 ജനുവരിക്ക് ശേഷം ആദ്യമായി മാഞ്ചസ്റ്ററിനെതിരെ ന്യൂ കാസിൽ മൂന്നു മത്സരങ്ങൾ തുടർച്ചയായി ജയിക്കുകയും ചെയ്തു. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ മുന്നിലെത്താൻ ന്യൂ കാസിലിന് നിരവധി അവസരങ്ങൾ ലഭിച്ചു. 55 ആം മിനുട്ടിൽ കീറൻ ട്രിപ്പിയർ കൊടുത്ത പാസിൽ നിന്നായിരുന്നു ഗോർഡന്റെ ഗോൾ പിറന്നത്.പ്രീമിയർ ലീഗ് സീസണിലെ താരത്തിന്റെ ആറാം ഗോളായിരുന്നു അത്. അതിനു സമനില ഗോളിനായി യുണൈറ്റഡ് ആക്രമിച്ചു കളിച്ചു. ആന്റണി യുണൈറ്റഡിന് വേണ്ടി ഗോൾ നേടിയെങ്കിലും മഗ്‌വെയെർ ഓഫ്‌സൈഡ് ആയത് തിരിച്ചടിയായി.മാഗ്വെയറും സഹ ഡിഫൻഡർ ലൂക്ക് ഷായും യൂണൈറ്റഡിനായി പ്രതിരോധത്തിൽ മികച്ച പ്രകടനം നടത്തി.

വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ആഴ്സണൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി.ബുക്കയോ സാക്കയുടെയും മാർട്ടിൻ ഒഡെഗാർഡിന്റെയും ഗോളുകളാണ് ആഴ്സണലിന്‌ വിജയം നേടിക്കൊടുത്തത്. 14 മത്സരങ്ങളിൽ നിന്നും 33 പോയിന്റുമായി മാഞ്ചെസ്റ്റെർ സിറ്റിയേക്കാൾ നാല് പോയിന്റ് നേടാൻ ആഴ്സണലിന്‌ സാധിച്ചു. മത്സരത്തിൽ ആഴ്സണൽ മിന്നൽ വേഗത്തിലുള്ള തുടക്കം കുറിച്ചു, ലിങ്ക്-അപ്പ് കളിയിലൂടെ സാക ആറാം മിനിറ്റിൽ മൈക്കൽ അർട്ടെറ്റയുടെ ടീമിന് ലീഡ് നൽകി.13-ാം മിനിറ്റിൽ ക്യാപ്റ്റൻ ഒഡെഗാർഡ് ആഴ്‌സനലിനെ രണ്ടാം ഗോൾ നേടി.86 ആം മിനുട്ടിൽ ബ്രസീലിയൻ സ്‌ട്രൈക്കർ മാത്യൂസ് കുൻഹ വോൾവ്‌സിനായി ഒരു ഗോൾ മടക്കി.

ലാലിഗയിൽ ഗ്രാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി റയൽ മാഡ്രിഡ്. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ബ്രഹിം ഡയസ് റോഡ്രിഗോ എന്നിവരാണ് റയലിനായി ഗോൾ നേടിയത്.ഈ വിജയം മാഡ്രിഡിനെ 38 പോയിന്റുമായി ലാലിഗ സ്റ്റാൻഡിംഗിൽ ഒന്നാമതെത്തിച്ചു.വലൻസിയയെ 2-1 ന് തോൽപ്പിച്ച ജിറോണ അത്രയും പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.ഞായറാഴ്ച ഏറ്റുമുട്ടുന്ന അത്‌ലറ്റിക്കോ മാഡ്രിഡും ബാഴ്‌സലോണയും 31 പോയിന്റുമായി മൂന്നും നാലും സ്ഥാനത്താണ്.26-ാം മിനിറ്റിൽ ടോണി ക്രൂസ് കൊടുത്ത പാസിൽ നിന്നും ബ്രഹിം ഡയസ് നേടിയ ഗോളിൽ റയൽ മുന്നിലെത്തി.57-ാം മിനിറ്റിൽ ബില്ലിങ്‌ഹാമിന്റെ ഷോട്ട് ഗ്രനാഡ കീപ്പർ തടുത്തെങ്കിലും റീബൗണ്ടിൽ റോഡ്രിഗോ റയലിന്റെ രണ്ടാം ഗോൾ നേടി.ബ്രസീലിയൻ താരം ഇപ്പോൾ റയലിനായി തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ ഏഴ് ഗോളുകളും നാല് അസിസ്റ്റുകളും നേടിയിട്ടുണ്ട്.

സീരി എയിൽ ഫ്രോസിനോണിനെ എസി മിലാൻ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. മത്സരത്തിന്റെ 43 ആം മിനുട്ടിൽ സെർബിയൻ സ്‌ട്രൈക്കർ ലൂക്കാ ജോവിച്ച് എസി മിലാന്റെ ആദ്യ ഗോൾ നേടി.റോസോനേരിക്ക് വേണ്ടി 10 മത്സരങ്ങളിൽ നിന്നുള്ള താരത്തിൻറെ ആദ്യ ഗോളായിരുന്നു ഇത്. പുലിസിക് 50-ാം മിനുട്ടിൽ മിലൻറെ രണ്ടാം ഗോൾ നേടി. 74 ആം മിനുട്ടിൽ ഇംഗ്ലണ്ട് ഡിഫൻഡർ ഫിക്കായോ ടോമോറി മൂന്നാം ഗോൾ നേടി.82-ൽ മാർക്കോ ബ്രെസിയാനിനി ഫ്രോസിനോണിന്റെ ആശ്വാസ ഗോൾ നേടി.ഈ വിജയം മിലാനെ മൂന്നാം സ്ഥാനം ഉറപ്പിക്കാൻ സഹായിച്ചു.