റൊണാൾഡോ വഴിയുള്ള നീക്കങ്ങൾ, ബ്രസീൽ ടീം പരിശീലകനു വേണ്ടിയുള്ള ചർച്ചകൾ ആരംഭിച്ചു

ഖത്തർ ലോകകപ്പിൽ പ്രതീക്ഷിച്ച പ്രകടനമല്ല ബ്രസീൽ ടീമിൽ നിന്നും ലഭിച്ചത്. ടൂർണമെന്റിൽ വിജയം നേടാൻ കഴിയുന്ന താരനിര ഉണ്ടായിട്ടും ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോൽവി വഴങ്ങി പുറത്താവുകയായിരുന്നു കാനറിപ്പട. ഇതോടെ കടുത്ത ആരാധകർ പോലും ബ്രസീൽ ടീമിനെതിരെ തിരിഞ്ഞു. തോൽവിക്കു പിന്നാലെ ആറു വർഷമായി ബ്രസീൽ ടീമിനൊപ്പം ഉണ്ടായിരുന്ന പരിശീലകൻ ടിറ്റെ സ്ഥാനമൊഴിയുകയും ചെയ്‌തു.

ടീമിലേക്ക് പുതിയൊരു പരിശീലകനെ തേടുകയാണ് ബ്രസീൽ ടീമിപ്പോൾ. നേരത്തെ ബ്രസീലിൽ നിന്നുള്ള പരിശീലകരെ മാത്രമാണ് ദേശീയ ടീമിന്റെ മാനേജർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ ഇത്തവണ മുതൽ അതിൽ മാറ്റം വരുത്തി യൂറോപ്പിൽ നിന്നുള്ള മികച്ച പരിശീലകരെ ടീമിലെത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്ന ബ്രസീൽ അതിൽ വിജയം കണ്ടുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ബ്രസീലിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം സ്പെയിൻ മാനേജരായിരുന്ന ലൂയിസ് എൻറിക്വയും ബ്രസീൽ ഫുട്ബോൾ ഫെഡറേഷനും തമ്മിൽ പരിശീലകനായി സ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. ബ്രസീലിന്റെ ഇതിഹാസതാരമായ റൊണാൾഡോ വഴിയാണ് എൻറിക്വയുമായി ബ്രസീൽ ചർച്ചകൾ നടത്തുന്നത്. സ്‌പാനിഷ്‌ ക്ലബായ റയൽ വയ്യഡോളിഡിന്റെ ഉടമ കൂടിയാണ് റൊണാൾഡോ. ചർച്ച വിജയിച്ചാൽ എൻറിക്വ ബ്രസീൽ ടീമിന്റെ മാനേജറാകും.

ഇക്കഴിഞ്ഞ ലോകകപ്പിൽ സ്പെയിൻ ടീമിനെ അത്ര മികച്ച പ്രകടനത്തിലേക്ക് നയിക്കാൻ ലൂയിസ് എൻറിക്വക്ക് കഴിഞ്ഞിട്ടില്ലായിരുന്നു. എന്നാൽ ബാഴ്‌സലോണ മാനേജർ ആയിരിക്കുന്ന സമയത്ത് ഐതിഹാസികമായ നേട്ടങ്ങൾ സ്വന്തമാക്കിയ അദ്ദേഹത്തിന് പ്രതിഭകൾ നിറഞ്ഞ ബ്രസീൽ ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്താൻ കഴിയും. അതേസമയം ലൂയിസ് എൻറിക്വക്ക് പുറമെ കാർലോ ആൻസലോട്ടിയെയും പരിശീലകനായി ബ്രസീൽ പരിഗണിക്കുന്നുണ്ട്.