മുഹമ്മദന്‍സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വിജയം നേടിക്കൊടുത്ത മൈക്കല്‍ സ്റ്റാറെയുടെ തന്ത്രങ്ങൾ | Kerala Blasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു. മുഹമ്മദന്‍സിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചത്. മത്സരത്തിൽ ക്വാമി പെപ്രയും ജീസസ് ജിമെനെസുമാണ് ബ്ലാസ്റ്റേഴ്സിനായി സ്‌കോര്‍ ചെയ്തത്.

മുഹമ്മദന്‍സിനായി പെനാല്‍റ്റിയിലൂടെ കസിമോവ് ആണ് ഗോൾ നേടിയത്. പരിക്കുമാറി അഡ്രിയാന്‍ ലൂണ ആദ്യ ഇലവനില്‍ ഇറങ്ങിയിരുന്നു. 27-ാം മിനിറ്റില്‍ കാര്‍ലോസ് ഫ്രാന്‍സയെ ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ സോം കുമാര്‍ ബോക്സില്‍ വീഴ്ത്തിയതിന് മുഹമ്മദന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത കസിമോവ് പന്ത് വലയിലെത്തിച്ച് മുഹമ്മദന്‍സിനെ മുന്നിലെത്തിച്ചു.

67-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങി രണ്ടു മിനിറ്റിനുള്ളില്‍ ക്വാമി പെപ്രയാണ് ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചത്. ബോക്സിലേക്ക് നോഹ സദോയി നൽകിയ പാസ് പെപ്ര വലയിലാക്കുകയായിരുന്നു. തുടര്‍ന്ന് 75-ാം മിനിറ്റില്‍ ജിമെനെസ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോളും സ്വന്തമാക്കി. ഇടതുവിങ്ങില്‍ നിന്ന് നവോച്ച സിങ് ഉയര്‍ത്തി നല്‍കിയ പന്ത് കിടിലനൊരു ഹെഡറിലൂടെ ജിമെനെസ് വലയിലാക്കുകയായിരുന്നു.

കളിയില്‍ 60 മിനിറ്റിലേറേ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം ശരാശരിയിലൊതുങ്ങിയിരുന്നു. പിന്നീട് കോച്ച് മൈക്കല്‍ സ്റ്റാറെയുടെ സബ്സ്റ്റിറ്റൂഷനാണ് കളിയിലെ ടേണിങ് പോയിന്റായി മാറിത്. ടീമില്‍ അദ്ദേഹം വരുത്തിയ രണ്ടു മാറ്റങ്ങള്‍ ബ്ലാസ്റ്റഴ്‌സിനെ അടിമുടി മാറ്റുകയായിരുന്നു. ഇതിനു പിന്നാലെയാണ് ടീമിന്റെ രണ്ടു ഗോളുകളും വന്നത്.ആദ്യ പകുതിയില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ പോയ കേരളാ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാംപകുതിയില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഇതിനു ബ്ലാസ്‌റ്റേഴ്‌സിനെ സഹായിച്ചത് ടീമില്‍ വരുത്തിയ രണ്ടു മാറ്റങ്ങളാണ്.

64ാം മിനിറ്റില്‍ രാഹുല്‍, കോഫ് എന്നിവരെ പിന്‍വലിച്ച ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റാറെ പകരം ഹോര്‍മിപാം, പെപ്ര എന്നിവരെ ഇറക്കുകയായിരുന്നു. ഈ നീക്കത്തിനു ശേഷം പുതിയൊരു ബ്ലാസ്‌റ്റേഴ്‌സിനെ മൈതാനത്തു കണ്ടത്.അതിനു ശേഷം ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ മുന്നേറ്റമാണ് കാണാൻ സാധിച്ചത്.പെപ്രേയുടെ വരവ് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിന് വലിയൊരു ഊർജ്ജമാണ് നൽകിയത്.മൊഹമ്മദൻ പ്രതിരോധത്തിനെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ നിരന്തരം പരീക്ഷിച്ചു കൊണ്ടിരുന്നു.അതിന്റെ ഫലമായാണ് ബ്ലാസ്റ്റേഴ്‌സ് സമനില ഗോൾ നേടിയത്.

വെള്ളിയാഴ്ച കൊച്ചിയിൽ വച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ബെംഗളൂരു എഫ്സിയെ നേരിടുന്ന ബ്ലാസ്റ്റേഴ്സ് വലിയ പ്രതീക്ഷയിലാണ്.വിജയത്തോടെ 8 പോയിന്റുമായി നിലവിൽ 5–ാം സ്ഥാനത്താണെങ്കിലും ബ്ലാസ്റ്റേഴ്സ് ഇനിയും മെച്ചപ്പെടാനുണ്ട്.