മെസ്സിക്ക് മുന്നിൽ റൊണാൾഡോയുടെ ‘Suiii’ ഗോൾ ആഘോഷവുമായി അൽ-ഹിലാലിൻ്റെ മൈക്കൽ ഡെൽഗാഡോ | Lionel Messi

അല്‍ ഹിലാലുമായുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ലയണല്‍ മെസിയുടെ ഇന്‍റര്‍ മയാമിക്ക് തോല്‍വി . സൗദിയിലെ കിങ്‌ഡം അരീനയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ 4-3 എന്ന സ്കോറിനാണ് അല്‍ ഹിലാല്‍ ജയിച്ചത്.ഇന്റർ മയാമിക്കായി ലൂയിസ് സുവാരസ് ആദ്യ ​ഗോൾ നേടി. ഒപ്പം ലയണൽ മെസ്സിയും ​ഗോളടിച്ചു എങ്കിലും അവസാന നിമിഷം പരാജയപ്പെടാനായിരുന്നു ഇന്റർ മയാമിയുടെ വിധി.

സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിന്റെ 88-ാം മിനിറ്റിലാണ് അൽ ഹിലാലിന്റെ വിജയ​ഗോൾ പിറന്നത്. ബ്രസീലിയൻ താരം മാൽകോം ആണ് ഗോൾ നേടിയത്.മത്സരത്തിന്റെ ആദ്യപകുതിയിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് ഇന്റർ മിയാമിക്കെതിരെ ലീഡ് നേടിയ അൽ ഹിലാൽ ആദ്യത്തെ 13 മിനിറ്റുകളിൽ തന്നെ രണ്ടു ഗോളുകൾ സ്കോർ ചെയ്തിരുന്നു. രണ്ടാം പകുതിയിൽ തിരിച്ചുവരവ് നടത്തിയ ഇന്റർമിയാമി സമനില നേടിയെങ്കിലും അവസാന മിനുട്ടിലെ ഗോളിൽ പരാജയപെട്ടു.

മത്സരത്തിന്റെ 10-ാം മിനിറ്റിൽ മുൻ ന്യൂകാസിൽ, ഫുൾഹാം സ്‌ട്രൈക്കർ അലക്‌സാണ്ടർ മിട്രോവിച്ച് അൽ-ഹിലാലിനെ മുന്നിലെത്തിച്ചു, മൂന്ന് മിനിറ്റിനുള്ളിൽ അബ്ദുല്ല അൽ-ഹംദാൻ ലീഡ് ഇരട്ടിയാക്കി.മിയാമിയുടെ മറ്റൊരു സൂപ്പർസ്റ്റാർ സൈനിംഗായ ലൂയിസ് സുവാരസ് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും 44 ആം മിനുട്ടിൽ മൈക്കൽ ഡെൽഗാഡോ സ്കോർ 3 -1 ആക്കി ഉയർത്തി. ഗോൾ നേടിയ ശേഷം ബ്രസീലിയൻ താരം ലയണൽ മെസ്സിക്ക് മുന്നിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ ‘Suiii’ സെലിബ്രേഷൻ നടത്തുകയും ചെയ്തു.

54 ആം മിനുട്ടിൽ ലയണൽ മെസ്സി പെനാൽറ്റിയിൽ നിന്നും ഒരു ഗോൾ മടക്കി.ഒരു മിനിറ്റിനുശേഷം ഡേവിഡ് റൂയിസ് സ്കോർ സമനിലയിലാക്കി. 88 ആം മിനുട്ടിൽ മാൽകോം അൽ ഹിലാലിന്റെ വിജയ് ഗോൾ നേടി.ഫെബ്രുവരി ഒന്നിന് നടക്കുന്ന ഇന്റർമിയാമിയുടെ അടുത്ത മത്സരത്തിൽ റൊണാൾഡോയുടെ അൽ നസ്റുമായാണ് ലിയോ മെസ്സിയുടെ ഇന്റർ മിയാമി ടീം ഏറ്റുമുട്ടുന്നത്.