വീണ്ടും ബാഴ്സലോണയിൽ വരുമെന്ന് മെസ്സി, യൂറോപ്യൻ ക്ലബ്ബുകളുടെ ഓഫർ വേണ്ടാത്തതിനും കാരണമുണ്ട്

ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ അർജന്റീന നായകൻ ലിയോ മെസ്സിയുടെ ഇന്റർ മിയാമിയിലേക്കുള്ള ട്രാൻസ്ഫർ വാർത്തയുടെ ഞെട്ടലിലാണ് ആരാധകർ. യൂറോപ്പിലെ ഓഫറുകൾ പോലും തള്ളികളഞ്ഞാണ് മെസ്സി മേജർ സോക്കർ ലീഗിൽ കളിക്കാൻ പോയത്.

അവസാന നിമിഷങ്ങളിൽ പ്രീമിയർ ലീഗ് ക്ലബ്ബ് ഉൾപ്പെടെ യൂറോപ്പിൽ നിന്നും ഓഫറുകൾ ഉണ്ടായിട്ടും എന്തുകൊണ്ട് അത് തിരഞ്ഞെടുക്കാതെ മേജർ സോക്കർ ലീഗ് കളിക്കുവാൻ അമേരിക്കയിൽ പോയി എന്ന ചോദ്യത്തിന് ലിയോ മെസ്സി വ്യക്തമായ മറുപടി നൽകി. കൂടാതെ ബാഴ്സലോണയിൽ വീണ്ടും വരുമെന്ന ഉറപ്പ് കൂടി ലിയോ മെസ്സി നൽകിയിട്ടുണ്ട്.

“എനിക്ക് മറ്റു യൂറോപ്യൻ ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ വന്നിരുന്നു, പക്ഷെ ഞാൻ ആ ഓഫറുകൾ ഒന്നും പരിഗണിച്ചില്ല, കാരണം യൂറോപ്പിൽ കളിക്കുന്നുണ്ടെങ്കിൽ അത് ബാഴ്സയിൽ ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. ബാഴ്സലോണയുമായുള്ള ട്രാൻസ്ഫർ നടക്കില്ല എന്ന് അറിഞ്ഞതോടെ ഇന്റർ മിയാമിയിൽ ജോയിൻ ചെയ്ത് വിത്യസ്തമായ എന്തെങ്കിലും പുതിയ പരീക്ഷിക്കാമെന്ന് ഞാൻ തീരുമാനിച്ചു.”

“ബാഴ്സലോണയിൽ ആയിരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, ഞാൻ വീണ്ടും ബാഴ്സലോണയിൽ ജീവിക്കുമെന്ന് ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ഒരു ദിവസം ഈ ക്ലബ്ബിനെ സഹായിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, കാരണം ഇത് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും ഇഷ്ടപ്പടുന്നതുമായ ക്ലബ്ബാണ്. ബാഴ്സലോണ ആരാധകരുടെ എല്ലാ പിന്തുണക്കും നന്ദി പറയുന്നു. തീർച്ചയായും ബാഴ്സലോണയിൽ വീണ്ടും വരാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു.” – ലിയോ മെസ്സി പറഞ്ഞു.

എഫ്സി ബാഴ്സലോണയിൽ തിരിച്ചെത്തണമെന്നായിരുന്നു ലിയോ മെസ്സിയുടെ ആഗ്രഹം, എന്നാൽ എഫ്സി ബാഴ്സലോണ ക്ലബ്ബിലേക്കുള്ള ട്രാൻസ്ഫർ നടക്കാൻ സാധ്യതകൾ ഇല്ല എന്ന് കണ്ടതോടെയാണ് ലിയോ മെസ്സി തന്റെ പുതിയ ക്ലബ്ബ് ഇന്റർ മിയാമിയാണെന്ന് തീരുമാനം എടുത്തത്. ലാലിഗ അനുമതി കൂടാതെ വേറെയും ചില തടസ്സങ്ങൾ ബാഴ്സക്ക് മുൻപിൽ ഉണ്ടായിരുന്നു.