മെസി പിഎസ്ജി കരാർ പുതുക്കിയേക്കില്ലെന്ന അഭ്യൂഹങ്ങൾക്കിടെ ടീമിന്റെ ഉപനായകനായി എംബാപ്പയെ പ്രഖ്യാപിച്ചു
നേതൃഗുണമില്ലെന്ന വിമർശനം പലപ്പോഴും കേട്ടിട്ടുള്ള താരമാണ് ലയണൽ മെസി. എന്നാൽ ഖത്തർ ലോകകപ്പിൽ അതിനെയെല്ലാം പൊളിച്ചടുക്കാൻ താരത്തിന് കഴിഞ്ഞു. ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയ അർജന്റീനയെ തിരിച്ചു കൊണ്ട് വന്നത് മെക്സിക്കോക്കെതിരെ താരം നേടിയ ഗോളായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അർജന്റീന ടീമിനെ മുന്നിൽ നിന്ന് നയിച്ച മെസി തന്നെയായിരുന്നു ടീമിന്റെ ആത്മവിശ്വാസത്തിന്റെ കാതലും.
തന്റെ നേതൃഗുണം മെസി തെളിയിച്ചെങ്കിലും കഴിഞ്ഞ ദിവസം താരത്തിന്റെ ക്ലബായ പിഎസ്ജി ടീമിന്റെ ഉപനായകനായി പ്രഖ്യാപിച്ചത് എംബാപ്പയെയായിരുന്നു. ഫ്രഞ്ച് കപ്പ് മത്സരത്തിൽ താരം അഞ്ചു ഗോളുകൾ നേടിയതിനു പിന്നാലെയാണ് ഈ തീരുമാനമുണ്ടായത്. സീസണിന് മുൻപ് തന്നെ ഇക്കാര്യം തീരുമാനിച്ചിരുന്നു എന്നു പറഞ്ഞ പരിശീലകൻ ഗാൾട്ടിയാർ പിഎസ്ജിയുമായി കരാർ പുതുക്കിയ എംബാപ്പെ ഇത് അർഹിക്കുന്നതാണെന്നും പറയുകയുണ്ടായി.
കഴിഞ്ഞ സമ്മറിൽ പിഎസ്ജി കരാർ പുതുക്കിയതിനു ശേഷം എംബാപ്പെക്ക് ടീമിൽ കൂടുതൽ അധികാരമുണ്ടെന്ന് കാണിക്കുന്നതാണ് ഈ പ്രഖ്യാപനം. മാർക്വിന്യോസ് നായകനായ ടീമിന്റെ ഉപനായകൻ പ്രെസ്നാൽ കിംപെംബെ ആയിരുന്നു. താരത്തോട് പറയുക പോലും ചെയ്യാതെയാണ് എംബാപ്പയെ വൈസ് ക്യാപ്റ്റനായി നിയമിച്ചത്. കിംപെംബെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ടീമിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും താരം പറഞ്ഞു.
🗣️"I have not been made aware that Kylian Mbappe is becoming vice-captain, that said I will always respect the club's decisions."
— Football Talk (@FootballTalkHQ) January 25, 2023
-Kimpembé on Instagram about Mbappe becoming the vice-captain.
More drama at #PSG pic.twitter.com/AluG2lmHv3
പിഎസ്ജിയിൽ കൂടുതൽ കാലം ചിലവഴിച്ച താരം എംബാപ്പയാണെങ്കിലും നായകനെന്ന നിലയിൽ കൂടുതൽ പരിചയസമ്പത്തുള്ള മെസിയെ തഴഞ്ഞത് പലർക്കും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ടീമിൽ എംബാപ്പെക്ക് കൂടുതൽ അധികാരമുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ലയണൽ മെസി ക്ലബ് വിടുമെന്ന വാർത്തകളെ ഇത് ബലപ്പെടുത്തുന്നുണ്ടെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
ഫ്രഞ്ച് കപ്പ് മത്സരത്തിനുള്ള സ്ക്വാഡിൽ ലയണൽ മെസി ഉണ്ടായിരുന്നില്ല. കുടുംബത്തിനൊപ്പം ചെറിയൊരു അവധിക്കാലാഘോഷത്തിനു പോയതാണ് താരം. അതിനു പിന്നാലെയാണ് എംബാപ്പയെ ടീമിന്റെ ഉപനായകനായി പ്രഖ്യാപിച്ചതെന്നത് ആരാധകരിൽ അസ്വാരസ്യം ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ എംബാപ്പെ അർഹിക്കുന്ന കാര്യമാണിതെന്നും അഭിപ്രായങ്ങളുണ്ട്.