അർജന്റീന ഗോൾ കീപ്പർക്കായി ചെൽസിയോടും സ്പർസിനോടും മത്സരിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലെ മാസ്മരിക പ്രകടനത്തോടുകൂടിയാണ് എമിലിയാനോ മാർട്ടിനസിന്റെ മൂല്യം കുതിച്ചുയർന്നത്.വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം കരസ്ഥമാക്കിയത് എമിയായിരുന്നു.ഇന്നലെ ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഫിഫ ബെസ്റ്റ് പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലക്ക് വേണ്ടിയാണ് ഈ അർജന്റൈൻ ഗോൾകീപ്പർ കളിച്ചുകൊണ്ടിരിക്കുന്നത്.

ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ സ്വന്തമാക്കാൻ പ്രധാനമായും മൂന്ന് ക്ലബ്ബുകൾക്കാണ് താല്പര്യമുള്ളത്.ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ ടോട്ടൻഹാം,മാഞ്ചസ്റ്റർ യുണൈറ്റഡ്,ചെൽസി എന്നിവരാണ് ഈ അർജന്റൈൻ ഗോൾ കീപ്പറിൽ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്.താരത്തിന് വേണ്ടി ഈ ക്ലബ്ബുകൾ ശ്രമങ്ങൾ നടത്തിയേക്കും എന്ന കാര്യം ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്നാൽ നിലവിൽ എമിയുടെ തീരുമാനവും പദ്ധതികളും എന്തൊക്കെയാണ് എന്നത് അർജന്റീനയിലെ പ്രശസ്ത പത്രപ്രവർത്തകനായ ഗാസ്റ്റൻ എഡ്യൂൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നിലവിൽ ഈ ഗോൾകീപ്പറുടെ ശ്രദ്ധ എന്നുള്ളത് ആസ്റ്റൻ വില്ലക്ക് യൂറോപ്പ്യൻ കോമ്പറ്റീഷനുകളിലേക്ക് യോഗ്യത നേടിക്കൊടുക്കുന്നതിൽ സഹായിക്കുക എന്നത് മാത്രമാണ്.ഈ ടീമിനെയും അവരുടെ ആരാധകരെയും എമി മാർട്ടിനസ് വളരെയധികം സ്നേഹിക്കുന്നുണ്ട്.

പക്ഷേ എമി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടാനുള്ള ഉയർന്ന സാധ്യതകളും നിലകൊള്ളുന്നുണ്ട്.ഒരു മോശം രീതിയിൽ ക്ലബ്ബ് വിടാൻ ഒരിക്കലും ഈ ഗോൾകീപ്പർ ഉദ്ദേശിക്കുന്നില്ല.കാരണം അദ്ദേഹം ക്ലബ്ബിനെ അത്രത്തോളം റെസ്‌പെക്ട് ചെയ്യുന്നുണ്ട്.വരുന്ന സമ്മറിൽ ഓഫറുകൾ വരുമെന്നാണ് ഈ താരം പ്രതീക്ഷിക്കുന്നത്.ഓഫറുകളെ അദ്ദേഹം തള്ളിക്കളയില്ല.

മറിച്ച് ഗൗരവമായ രൂപത്തിൽ തന്നെ താരം പരിഗണിക്കുന്നതാണ്.എന്നിട്ട് ഏത് ക്ലബ്ബിലേക്ക് പോകണം എന്ന കാര്യത്തിൽ എമി ഒരു തീരുമാനമെടുക്കും.പക്ഷേ ആസ്റ്റൻ വില്ലയുടെ സമ്മതമില്ലാതെ ക്ലബ്ബ് വിടാൻ താരം ഉദ്ദേശിക്കുന്നില്ല.ഇതൊക്കെയാണ് ഈ ഗോൾകീപ്പറുടെ പദ്ധതികളായിക്കൊണ്ട് എഡ്യൂൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.