ഒറ്റ ഇന്നിഗ്‌സിലൂടെ ഐപിഎല്ലിൽ താരമായി മലയാളി ബാറ്റർ വിഷ്ണു വിനോദ് |Vishnu Vinod

ഐപിഎല്ലിൽ നിറഞ്ഞാടി മറ്റൊരു മലയാളി താരം കൂടി. മുംബൈ ഇന്ത്യൻസിന്റെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനത്തോടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളി താരം വിഷ്ണു വിനോദ്. മത്സരത്തിൽ മുംബൈക്കായി നിർണായക സമയത്ത് ബാറ്റിങ്ങിനിറങ്ങി സൂര്യകുമാർ യാദവുമൊത്ത് തകർപ്പൻ കൂട്ടുകെട്ടാണ് വിഷ്ണു വിനോദ് സൃഷ്ടിച്ചത്. വളരെ വലിയ തകർച്ചയിലേക്ക് പോയിരുന്ന മുംബൈയെ കൈപിടിച്ചു കയറ്റിയ വിഷ്ണുവിന്റെ ഇന്നിങ്സ് ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള തൊട്ടുമുമ്പത്തെ മാച്ചില്‍ ഇംപാക്ട് പ്ലെയറായി വിഷ്ണു ഇറങ്ങുകയും ഒരു കിടിലന്‍ ക്യാച്ചെടുക്കുകയും ചെയ്തിരുന്നു. പക്ഷെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല.

മത്സരത്തിൽ മുംബൈ നിരയിൽ അഞ്ചാമനായി ആയിരുന്നു വിഷ്ണു ക്രീസിൽ എത്തിയത്. നേരിട്ട ആദ്യ പന്തുകളിൽ വളരെ സംയമനപൂർവ്വം തന്നെയാണ് വിഷ്ണു കളിച്ചത്. എന്നാൽ ഇന്നിംഗ്സിന്റെ ആദ്യപകുതി കഴിഞ്ഞതോടെ വിഷ്ണു തന്റെ സംഹാരം ആരംഭിക്കുകയായിരുന്നു. അൾസാരി ജോസഫിനെ ഒരു തകർപ്പൻ സിക്സറിന് പറത്തിയാണ് വിഷ്ണു വെടിക്കെട്ട് തുടങ്ങിയത്. പിന്നീട് മുഹമ്മദ് ഷാമിക്കെതിരെ കവറിനു മുകളിലൂടെ ഒരു തകർപ്പൻ സിക്സർ നേടാനും വിഷ്ണുവിന് സാധിച്ചു. മത്സരത്തിൽ 20 പന്തുകൾ നേരിട്ട വിഷ്ണു 30 റൺസ് ആണ് നേടിയത്. ഇന്നിംഗ്സിൽ 2 ബൗണ്ടറുകളും 2 സിക്സറുകളും ഉൾപ്പെട്ടു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിഷ്ണു ഐപിഎല്ലിന്റെ ഭാഗമായിരുന്നെങ്കിലും ബെഞ്ചിലിരിക്കാന്‍ മാത്രമായിരുന്നു വിധി. നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളുടെ ഭാഗമാവാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. 2014ൽ ആർസിബിക്ക് വേണ്ടി മൂന്ന് മത്സരങ്ങളിൽ കളിച്ചിരുന്നു. എന്നാൽ, 19 റൺസ് മാത്രമേ നേടാൻ സാധിച്ചിരുന്നുള്ളൂ.2017ലായിരുന്നു വിഷ്ണു അവസാനമായി ഐപിഎല്ലില്‍ ഒരു മല്‍സരം കളിച്ചത്.2021ലെ ലേലത്തില്‍ താരത്തെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വാങ്ങിയെങ്കിലും ഒരു മല്‍സരം പോലും കളിപ്പിച്ചില്ല. സീസണിനു ശേഷം ഒഴിവാക്കപ്പെട്ട വിഷ്ണുവിനെ 2022ലെ സീസണിനു മുമ്പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാങ്ങി. പക്ഷെ അവിടെയും അവസരം കിട്ടാതെ താരം തഴയപ്പെട്ടു. ഒടുവില്‍ കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന മിനി താരലേലത്തില്‍ അടിസ്ഥാന വിലയ്ക്കു വിഷ്ണുവിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അഞ്ചാമനായി ക്രീസിലെത്തിയ വിഷ്ണു വിനോദ് അടിച്ചു തകർക്കുന്നതാണ് കാണാൻ സാധിച്ചത്. .വാഗഡേയിൽ ഒത്തുകൂടിയ ആരാധകരെയൊക്കെയും അത്ഭുതപ്പെടുത്തിയ ബാറ്റിംഗ് പ്രകടനം തന്നെയാണ് മലയാളി താരം കാഴ്ചവച്ചിരിക്കുന്നത്.ഇതിൽ മുഹമ്മദ് ഷാമിക്കെതിരെ വിഷ്ണു വിനോദ് അടിച്ച ഒരു ഷോട്ട് വളരെയധികം ശ്രദ്ധ നേടുകയുണ്ടായി. പതിമൂന്നാം ഓവറിൽ ഷാമി എറിഞ്ഞ ലെങ്ത് ബോളിൽ ഒരു ഞെട്ടിപ്പിക്കുന്ന ഷോട്ട് തന്നെയായിരുന്നു വിഷ്ണു നേടിയത്. ഗുഡ് ലെങ്ത്തിൽ വന്ന പന്ത് വിഷ്ണു മുൻപിലേക്ക് കയറി കവറിനു മുകളിലൂടെ തകർപ്പൻ സിക്സർ പറത്തുകയായിരുന്നു. വാങ്കടയിൽ ഉണ്ടായിരുന്ന ആരാധകരൊക്കെയും ഇതുകണ്ട് അമ്പരക്കുകയുണ്ടായി. മത്സരത്തിലെ തന്നെ ഏറ്റവും മികച്ച ഷോട്ട് തന്നെയായിരുന്നു വിഷ്ണുവിന്റെ ബാറ്റിൽ നിന്ന് ഉയർന്നത്.

29 കാരനായ ബാറ്റർ 2014 ൽ ലിസ്റ്റ്-എ, ടി20 ക്രിക്കറ്റിൽ കേരളത്തിനായി പ്രൊഫഷണൽ അരങ്ങേറ്റം കുറിച്ചു, തുടർന്ന് 2016 ൽ ഫസ്റ്റ് ക്ലാസ് കളിച്ചു. ഒരു കീപ്പർ ആയതിനാൽ, ആഭ്യന്തര ടീമിലെ സ്ഥാനത്തിനായി അദ്ദേഹത്തിന് പോരാടേണ്ടിവന്നു.അതിനുശേഷം 23 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 46 ലിസ്റ്റ് എ മത്സരങ്ങളും 50 ടി20 മത്സരങ്ങളും വിനോദ് കളിച്ചിട്ടുണ്ട്. ലിസ്റ്റ്-എയിൽ വിനോദിന്റെ ശരാശരി 40 ആണ്, കൂടാതെ ടി20യിൽ 138 സ്‌ട്രൈക്ക് റേറ്റ് ഉണ്ട്.വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 47 പന്തിൽ 91 റൺസ് ഉൾപ്പെടെ 186 റൺസാണ് വിനോദ് നേടിയത്. അതിനാൽ ഐപിഎല്ലിലേക്ക് ഫോമിലെത്തിയ അദ്ദേഹം തന്റെ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു.

യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, തിലക് വർമ്മ, ഇപ്പോൾ നെഹാൽ വധേര എന്നിവർക്ക് പിന്നാലെ മുംബൈ വളര്‍ത്തിയെടുക്കുന്ന താരങ്ങളുടെ പട്ടികയിലേക്ക് ഒരു പേര് കൂടി എത്തിയിരിക്കുകയാണ് .