“മെസി കാണിച്ചത് മര്യാദ, ഞാനായിരുന്നെങ്കിൽ പിഎസ്‌ജി മാപ്പു പറഞ്ഞേനെ”- ഫ്രഞ്ച് ക്ലബിനെതിരെ ആഞ്ഞടിച്ച് ടെവസ്

സൗദി അറേബ്യ സന്ദർശനം നടത്തിയതിന്റെ പേരിൽ ലയണൽ മെസിക്കെതിരെ നടപടി സ്വീകരിച്ച പിഎസ്‌ജിക്കെതിരെ രൂക്ഷമായ വിമർശനം നടത്തി മുൻ അർജന്റീന താരം കാർലോസ് ടെവസ്. ലോറിയന്റുമായുള്ള ഫ്രഞ്ച് ലീഗ് മത്സരത്തിന് ശേഷമാണ് ലയണൽ മെസി സൗദി അറേബ്യയിലേക്ക് ടൂറിസം പ്രൊമോഷന്റെ ഭാഗമായി പോയത്. എന്നാൽ ക്ലബിന്റെ അനുമതി ഇല്ലാതെയാണ് പോയതെന്ന കാരണം പറഞ്ഞു പിഎസ്‌ജി താരത്തെ രണ്ടാഴ്‌ചത്തേക്ക് സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

അതിനു പിന്നാലെ ലയണൽ മെസി ക്ഷമാപണം നടത്തിയതോടെ പിഎസ്‌ജി നടപടി പിൻവലിച്ചിരുന്നു. താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്‌തു. എന്നാൽ പിഎസ്‌ജി ലയണൽ മെസിയെ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്നാണ് ടെവസ് പറയുന്നത്. താനായിരുന്നു മെസിയുടെ സ്ഥാനത്തെങ്കിൽ പിഎസ്‌ജി മാപ്പ് പറയേണ്ടി വരുമായിരുന്നുവെന്നും താരം വ്യക്തമാക്കി.

“മെസിയെ ഇതുപോലെ കൈകാര്യം ചെയ്യാൻ പിഎസ്‌ജിക്ക് കഴിയില്ല. ഒരു ലോകചാമ്പ്യനായ ഞാൻ എന്റെ അവധി ദിവസങ്ങളിൽ ഒരു യാത്ര പോയതിനു ക്ഷമ ചോദിക്കണം എന്നു നിങ്ങൾ പറഞ്ഞാൽ ഞാൻ റൊസാരിയോയിലേക്ക് തന്നെ തിരിച്ചു പോയി അവിടെയിരുന്നു ബിയർ കുടിക്കുകയാണ് ചെയ്യുക. മെസിയെ ഒരു തരത്തിലും ക്ലബ് പരിഗണിക്കുന്നില്ലെന്ന് ഇത് കാണിച്ചു തരുന്നു.”

“ഞാനായിരുന്നു മെസിയുടെ സ്ഥാനത്തെങ്കിൽ പിഎസ്‌ജി എന്നോട് ക്ഷമാപണം നടത്താനാണ് ആവശ്യപ്പെടുക. ക്ഷമാപണം നടത്തിയതിലൂടെ ഫുട്ബോൾ ലോകത്തിനു വിനയത്തിന്റെ ഒരു പാഠമാണ് മെസി നൽകിയത്. എന്നാൽ താരം വന്നതു മുതൽ പിഎസ്‌ജി ശരിയായ രീതിയിലല്ല പരിഗണന നൽകുന്നത്.” ടൈക് സ്പോർട്ടിനോട് സംസാരിക്കുമ്പോൾ ടെവസ് പറഞ്ഞു.

ലയണൽ മെസിയുടെ സസ്‌പെൻഷൻ നടപടികൾ പിൻവലിച്ചതിനാൽ ഇന്ന് നടക്കാൻ പോകുന്ന ലീഗ് മത്സരത്തിൽ താരം ഉണ്ടാകുമെന്ന് പരിശീലകൻ പറഞ്ഞിരുന്നു. എന്നാൽ ഈ സീസണ് ശേഷം പിഎസ്‌ജി വിടുമെന്ന കാര്യത്തിൽ ലയണൽ മെസി ഉറച്ച തീരുമാനം എടുത്തിട്ടുണ്ട്. ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള ശ്രമമാണ് താരം നടത്തുന്നത്.