ബ്രസീലിനെയും ഉറുഗ്വയും നേരിടും, മെസ്സിയും ടീമും ഒരുക്കങ്ങൾ ആരംഭിക്കുന്നു

ലോകഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സിയുടെ ലോകകപ്പ് ചാമ്പ്യൻമാരായ അർജന്റീന ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ കരുത്തരായ ഉറുഗായ്, ബ്രസീൽ എന്നിവരെയാണ് നേരിടുന്നത്. 2026 ലോകകപ്പ്‌ യോഗ്യത മത്സരങ്ങളിൽ നവംബർ 17ന് ശക്തരായ ഉറുഗായ്ക്കെതിരെയും നവംബർ 22ന് ചിരവൈരികളായ ബ്രസീലിനെതിരെയും ആണ് അർജന്റീന ബൂട്ട് കെട്ടുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്കാരം ഇത്തവണ സ്വന്തമാക്കിയ ലിയോ മെസ്സിയുടെ പുരസ്‌കാരനേട്ടത്തിന് ശേഷമുള്ള ആദ്യ അർജന്റീന മത്സരമായതിനാൽ നവംബർ 17ന് അർജന്റീനയിൽ വച്ച് നടക്കുന്ന മത്സരത്തിനു മുൻപായി ആരാധകർക്ക് മുന്നിൽ മെസ്സി തന്റെ എട്ടാമത് ബാലൻഡിയോർ പുരസ്‌കാരം പ്രദർശിപ്പിക്കും.

എന്തായാലും ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ അർജന്റീന ടീം ക്യാമ്പിലേക്ക് പരിശീലകരും താരങ്ങളും എത്തി തുടങ്ങുകയാണ്. അർജന്റീന പരിശീലകനായ ലയണൽ സ്കലോണി ഇതിനകം അർജന്റീനയിലേക്ക് എത്തിയിട്ടുണ്ട്. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ദേശീയ ടീം ലിസ്റ്റിലേക്ക് സൂപ്പർ താരമായ പൗലോ ഡിബാല തിരിച്ചെത്തിയിട്ടുണ്ടെന്ന് ശക്തമായ റിപ്പോർട്ടുകളും പുറത്തുവരുന്നു.

മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർമിയാമിയുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് തന്റെ എട്ടാമത് ബാലൻ ഡി ഓർ പുരസ്‌കാരം പ്രദർശനം നടത്തിയ ലിയോ മെസ്സി ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി അർജന്റീനയിലേക്ക് നാളെ എത്തും. തിങ്കളാഴ്ചയാണ് അർജന്റീന ദേശീയ ടീം പരിശീലനം ആരംഭിക്കുന്നതും. ലാറ്റിൻ അമേരിക്കയിലെ ശക്തരായ ടീമുകൾക്കെതിരെയാണ് ഇത്തവണ അർജന്റീനയുടെ യോഗ്യത മത്സരങ്ങൾ.