ക്രിസ്റ്റ്യാനോയുടെ റെക്കോർഡ് ഇനി പഴങ്കഥ, യൂറോപ്പിലെ രാജാവായി ലയണൽ മെസ്സി |Lionel Messi

ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ പിഎസ്ജിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.മത്സരത്തിൽ ലയണൽ മെസ്സിയാണ് ആദ്യം പിഎസ്ജിക്ക് ലീഡ് നേടിക്കൊടുത്തത്.കിലിയൻ എംബപ്പേയുടെ അസിസ്റ്റിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ പിറന്നത്.പക്ഷേ പിന്നീട് എതിരാളികളായ സ്ട്രാസ്ബർഗ് സമനില പിടിക്കുകയായിരുന്നു.എന്നിരുന്നാലും ലീഗ് വൺ കിരീടം സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചു.

ക്ലബ്ബിന്റെ ചരിത്രത്തിൽ ഇത് പതിനൊന്നാം തവണയാണ് ഫ്രഞ്ച് ലീഗ് കിരീടം നേടുന്നത്.ഇതിനുപുറമേ ലയണൽ മെസ്സി ഒരു അപൂർവ്വ റെക്കോർഡ് ഇപ്പോൾ സ്വന്തമാക്കിയിട്ടുണ്ട്.അതായത് യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് മെസ്സിയാണ് സ്വന്തമാക്കിയിട്ടുള്ളത്.സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്നുകൊണ്ടാണ് ലയണൽ മെസ്സി ഇപ്പോൾ ഒന്നാം സ്ഥാനം അലങ്കരിച്ചിട്ടുള്ളത്.

അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ മെസ്സിക്ക് ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല.ആ ഗോൾ ക്ഷാമത്തിന് മെസ്സി വിരാമം കുറിക്കുകയായിരുന്നു.496 ഗോളുകളാണ് ലയണൽ മെസ്സി യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ സ്വന്തമാക്കിയിട്ടുള്ളത്.495 ഗോളുകൾ നേടിയിട്ടുള്ള റൊണാൾഡോയെയാണ് മെസ്സി മറികടന്നിട്ടുള്ളത്.577 മത്സരങ്ങളിൽ നിന്നാണ് മെസ്സി 496 ഗോളുകൾ യൂറോപ്പിലെ ടോപ്പ് ഫൈവിൽ ലീഗുകളിൽ പൂർത്തിയാക്കിയിട്ടുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും ഗോളുകൾ നേടുന്നുണ്ടെങ്കിലും അതൊന്നും ഈ ഗണത്തിൽ പരിഗണിക്കപ്പെടുകയില്ല.കാരണം റൊണാൾഡോ ഇപ്പോൾ കളിക്കുന്നത് യൂറോപ്പിന് പുറത്ത് സൗദി അറേബ്യയിലാണ്.മാത്രമല്ല കരിയറിന്റെ തുടക്കത്തിൽ സ്പോർട്ടിങ് ലിസ്ബണിന് വേണ്ടി റൊണാൾഡോ കുറച്ച് ഗോളുകൾ നേടിയിരുന്നു.യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗ് അല്ലാത്തതിനാൽ അതും ഇതിൽ പരിഗണിക്കപ്പെടുകയില്ല.അതേസമയം ലയണൽ മെസ്സി തന്റെ സീനിയർ കരിയറിൽ ആകെ 806 ഗോളുകൾ നേടിക്കഴിഞ്ഞു.ഒന്നാം സ്ഥാനത്ത് റൊണാൾഡോ തന്നെയാണ്.സീനിയർ കരിയറിൽ 837 ഗോളുകളാണ് റൊണാൾഡോ ആകെ സ്വന്തമാക്കിയിട്ടുള്ളത്.

ഈ സീസണിൽ മെസ്സി ഫ്രഞ്ച് ലീഗിൽ തകർപ്പൻ പ്രകടനമാണ് ഇതുവരെ നടത്തിയിട്ടുള്ളത്.16 ഗോളുകളും 16 അസിസ്റ്റുകളും നേടിക്കൊണ്ട് ലയണൽ മെസ്സി ആകെ 32 ഗോളുകളിൽ പങ്കാളിയായി.33 ഗോളുകളിൽ പങ്കാളിയായ സഹതാരം കിലിയൻ എംബപ്പേയാണ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്.ലീഗ് വൺ കിരീടം നേടിയതോടുകൂടി ഡാനി ആൽവസിനൊപ്പം ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമായി മാറാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.