2026 ലോകകപ്പിൽ ലയണൽ മെസ്സി കളിക്കുമോ? : 1994 ലോകകപ്പിലെ ഡീഗോ മറഡോണയുടെ ജേഴ്സി ധരിച്ച് മെസ്സി |Lionel Messi

അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അടുത്തിടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ലോകമെമ്പാടുമുള്ള ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.1994-ൽ അമേരിക്കയിൽ നടന്ന ഫിഫ ലോകകപ്പിനിടെ ഡീഗോ മറഡോണ ധരിച്ച അർജന്റീനയുടെ ഐതിഹാസികമായ ജേഴ്‌സി അണിഞ്ഞ ചിത്രം ഇന്റർ മിയാമി ഫോർവേഡ് ലയണൽ മെസ്സി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.

ഈ ചിത്രം ആരാധകർക്കിടയിൽ പല ഊഹാപോഹങ്ങൾക്കും കാരണമാവുകയുക ചെയ്തു.2022 ഖത്തറിൽ ആദ്യമായി ട്രോഫി നേടിയതിന് ശേഷം ഇനി ലോകകപ്പ് എഡിഷനുകളിലൊന്നും പങ്കെടുക്കാൻ തനിക്ക് പദ്ധതിയില്ലെന്ന് 36 കാരനായ മെസ്സി മുമ്പ് പറഞ്ഞിരുന്നു.ഈ മാസം ആദ്യം ബീജിംഗിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അർജന്റീനയുടെ സൗഹൃദ മത്സരത്തിന് മുന്നോടിയായി ടൈറ്റൻ സ്‌പോർട്‌സിനോട് സംസാരിക്കവെ, “കാര്യങ്ങൾ എങ്ങനെ പോകുന്നുവെന്ന് കാണാമെന്ന്” മെസ്സി പറഞ്ഞു.

“ഇത് എന്റെ അവസാന ലോകകപ്പായിരുന്നു,കാര്യങ്ങൾ എങ്ങനെ പോകുന്നുവെന്ന് ഞാൻ കാണും, പക്ഷേ തത്വത്തിൽ, ഞാൻ അടുത്ത ലോകകപ്പിന് പോകില്ല” മെസ്സി പറഞ്ഞിരുന്നു.2026-ൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ ലോകകപ്പ് നടക്കുമ്പോൾ മെസ്സിക്ക് 39 വയസ്സ് തികയും.മെസ്സി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ 1994 ലെ മുഴുവൻ അർജന്റീന കിറ്റും ധരിച്ചിരിക്കുന്നത്, മറഡോണയെപ്പോലെ അമേരിക്കൻ മണ്ണിൽ തന്റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാൻ അദ്ദേഹം സൂചന നൽകുന്നതായി തോന്നുന്നു.

2026 ലോകകപ്പിൽ മെസ്സി പങ്കെടുത്താൽ അത് ഫുട്ബോൾ ചരിത്രത്തിലെ സമാനതകളില്ലാത്ത നേട്ടമായിരിക്കും.ഒരു കളിക്കാരനും ഇതുവരെ ആറ് ലോകകപ്പുകളിൽ പങ്കെടുത്തിട്ടില്ല.മേജർ ലീഗ് സോക്കറിൽ ഇന്റർ മിയാമിയിൽ ചേരാനുള്ള തീരുമാനം മെസ്സിയുടെ ലോകകപ്പ് മോഹങ്ങളെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. 2026 ലെ ലോകകപ്പ് വടക്കേ അമേരിക്കയിൽ നടക്കാനിരിക്കുന്നുവെന്ന വസ്തുത, മെസ്സിയെ മികച്ച ഫോമിലും ദൃശ്യപരതയിലും നിലനിർത്താൻ ഈ നീക്കം തന്ത്രപരമായി ആസൂത്രണം ചെയ്തതാണെന്ന് പലരും കരുതി.