ലയണൽ മെസ്സിയും എംബപ്പേയും ബയേൺ മ്യൂണിക്കിന് മുന്നിൽ വീണു : എ സി മിലാൻ ക്വാർട്ടറിൽ

യുവേഫ ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടർ രണ്ടാം പാദത്തിൽ ഫ് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിന് മുന്നിൽ കീഴടങ്ങി പിഎസ്ജി. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബയേണിന്റെ ജയം.രണ്ടാം പകുതിയിൽ എറിക് ചൗപോ-മോട്ടിംഗും സെർജ് ഗ്നാബ്രിയും നേടിയ ഗോളുകൾക്കായിരുന്നു ബയേണിന്റെ തകർപ്പൻ ജയം.

പാരിസിൽ നടന്ന ആദ്യ പാദത്തിൽ ബയേൺ ഒരു ഗോളിന്റെ ജയം നേടിയിരുന്നു.ജയത്തോടെ ചാമ്പ്യൻസ് ലീഗിന്റെ അവസാന എട്ടിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ബയേൺ.പിഎസ്ജിയെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ ഏഴ് സീസണുകളിൽ 16-ാം റൗണ്ടിൽ നിന്നുള്ള അഞ്ചാമത്തെ പുറത്താവാലായിരുന്നു ഇത്. ഇന്നലെ ആദ്യ പകുതിയിൽ പിഎസ്ജിക്ക് ഗോൾ നേടാനുള്ള അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാൻ കഴിഞ്ഞില്ല.38-ാം മിനിറ്റിൽ വിറ്റിൻഹയുടെ ഷോട്ട് മത്തിയാസ് ഡി ലിഗ്റ്റ് ലൈനിൽ നിന്ന് ക്ലിയർ ചെയ്തു.ലയണൽ മെസ്സിയുടെ ഗോളിനുള്ള ശ്രമം അൽഫോൻസോ ഡേവീസിന്റെ അവസാനത്തെ ടാക്ലിങ്ങിൽ തടഞ്ഞു.

52 ആം മിനുട്ടിൽ ചൗപോ-മോട്ടിങ്ങിന്റെ ഗോളിലൂടെയാണ് ബയേൺ ലീഡ് നേടിയത്.രണ്ടാം പകുതിയുടെ അവസാനത്തിൽ ബയേൺ കീപ്പർ സോമറിന്റെ മികച്ച സേവുകൾ പിഎസ്ജി യെ ഗോൾ നേടുന്നതിൽ നിന്നും തടഞ്ഞു.സെർജിയോ റാമോസിന്റെ ഹെഡറും എംബാപ്പെയുടെ ക്ലോസ്-റേഞ്ച് ഷോട്ടും സ്വിസ് കീപ്പർ രക്ഷപെടുത്തി. പകരക്കാരനായ ഗ്നാബ്രി 89 ആം മിനുട്ടിൽ ബയേണിന്റെ രണ്ടാം ഗോൾ നേടി.ചാമ്പ്യൻസ് ലീഗിൽ 12 അവസരങ്ങളിൽ 11-ാം തവണ ബയേൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.

ടോട്ടൻഹാം ഹോട്‌സ്‌പർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എ സി മിലാനോട് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് ടോട്ടൻഹാമിനെ മറികടന്ന് എസി മിലാൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ആദ്യ പാദത്തിൽ ഇറ്റാലിയൻ ടീം ഒരു ഗോളിന്റെ ജയം നേടിയിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ടോട്ടൻഹാം ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേറോക്ക് ചുവപ്പ് കാർഡ് കണ്ടതോടെ പത്തു പെരുമായാണ് മത്സരം അവസാനിപ്പിച്ചത്.2011-12 ന് ശേഷം ആദ്യമായാണ് മിലൻ യൂറോപ്പിലെ പ്രീമിയർ മത്സരത്തിന്റെ അവസാന എട്ടിൽ എത്തുന്നത്.