ലയണൽ മെസ്സിയും ഡിമരിയയും ക്ലബ്ബിലും ഒരുമിച്ച് കളിക്കാനുള്ള സാധ്യത തെളിഞ്ഞു
കരിയറിന്റെ അവസാന കാലഘട്ടത്തിലൂടെ കടന്നു പോകുന്ന ലയണൽ മെസിയും ഏഞ്ചൽ ഡി മരിയയും ഇപ്പോഴും തകർപ്പൻ ഫോമിലാണ് കളിക്കുന്നത്. ഖത്തർ ലോകകപ്പ് ഉൾപ്പെടെ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മൂന്നു കിരീടങ്ങൾ അർജന്റീന സ്വതമാക്കിയപ്പോൾ അതിൽ ഈ രണ്ടു താരങ്ങളുടെയും സാന്നിധ്യം വളരെ നിർണായകമായിരുന്നു. അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്കയാണ് ഇരുവരും ലക്ഷ്യമിടുന്നത്.
ദേശീയ ടീമിനായി ഒരുമിച്ച് കളിക്കുന്ന മെസിയും ഏഞ്ചൽ ഡി മരിയയും ക്ലബ് തലത്തിൽ അടുത്ത സീസണിൽ ഒരുമിക്കാനുള്ള സാധ്യത തെളിയുന്നുണ്ട്. ബാഴ്സലോണയാണ് ഈ രണ്ടു താരങ്ങളെയും ഒരുമിച്ച് കളിപ്പിക്കാൻ ഒരുങ്ങുന്നത്. ലയണൽ മെസിക്കായി ബാഴ്സലോണ ശ്രമങ്ങൾ ആരംഭിച്ചതിനു പുറമെ ഡി മരിയയിലും അവർക്ക് താൽപര്യമുണ്ട്.
ലെഫ്റ്റ് വിങ്ങിൽ പരിചയസമ്പത്തും മികവുമുള്ള ഒരു താരത്തെ വേണമമെന്നതിനാലാണ് ബാഴ്സലോണ ഏഞ്ചൽ ഡി മരിയയെ ലക്ഷ്യമിടുന്നത്. അതിനു പുറമെ ടീമിന്റെ ഫോർമേഷൻ മാറ്റുന്നതിനനുസരിച്ച് മുന്നേറ്റനിരയിലും മധ്യനിരയിലും കളിപ്പിക്കാൻ കഴിയുന്ന താരമാണ് ഡി മരിയയെന്നതും സാവിക്ക് താരത്തിൽ താത്പര്യമുണ്ടാകാൻ കാരണമായെന്ന് ടുട്ടോസ്പോർട്ട് വെളിപ്പെടുത്തുന്നു.
അത്ലറ്റികോ മാഡ്രിഡ് താരമായ യാനിക് കരാസ്കോയാണ് ബാഴ്സലോണയുടെ പ്രധാന ലക്ഷ്യം. എന്നാൽ താരത്തെ സ്വന്തമാക്കാൻ ബാഴ്സലോണ പണം മുടക്കേണ്ടി വരും. അതേസമയം യുവന്റസ് താരമായ ഡി മരിയ ഈ സീസൺ കഴിയുന്നതോടെ ഫ്രീ ഏജന്റാണ്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്സലോണ അതുകൊണ്ടു കൂടിയാണ് ഡി മരിയയെ ലക്ഷ്യം വെക്കുന്നത്.
🚨 Angel Di Maria dreams of playing for FC Barcelona. @sport pic.twitter.com/azDQtuiJUY
— Managing Barça (@ManagingBarca) May 12, 2023
പിഎസ്ജി കരാർ അവസാനിച്ചതിനു ശേഷം കഴിഞ്ഞ സമ്മറിൽ ഡി മരിയ ബാഴ്സലോണയിൽ എത്തുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതിനു പകരം ബ്രസീലിയൻ താരം റാഫിന്യയാണ് എത്തിയത്. ഇപ്പോൾ ലയണൽ മെസിക്കും ഏഞ്ചൽ ഡി മരിയക്കും വേണ്ടി ബാഴ്സലോണ ശ്രമങ്ങൾ നടത്തുന്നത് ബാഴ്സലോണ-അർജന്റീന ആരാധകർക്ക് ആവേശമുണ്ടാക്കുന്ന കാര്യമാണ്.