ലയണൽ മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സലോണക്ക് ലാലിഗ പ്രസിഡന്റിന്റെ നിർദ്ദേശങ്ങൾ

ലയണൽ മെസ്സിയെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ബാഴ്സലോണ. എന്നാൽ ബാഴ്സയ്ക്ക് മുന്നിലെ പ്രധാന വെല്ലുവിളി ലാലിഗയിലെ സാമ്പത്തിക നിയന്ത്രണങ്ങളാണ്. നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ബാഴ്സ മാനേജ്മെന്റ് ലാലിഗ അധികൃതരുമായി ചർച്ചകൾ നടത്തിയെങ്കിലും ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

ഇപ്പോഴിതാ മെസ്സി ട്രാൻസ്ഫറിനെ പറ്റിയും ബാഴ്സയുടെ സാമ്പത്തിക നിയന്ത്രണത്തെപ്പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ് ലാലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ്. കൃത്യമായ പദ്ധതിയുണ്ടെങ്കിൽ ബാഴ്സയ്ക്ക് മെസ്സിയെ തിരികെയെത്തിക്കാമെന്നാണ് ടെബാസ് പറഞ്ഞത്. ലാലിഗയിലെ സാമ്പത്തിക കണക്കുകൾ അവതരിപ്പിക്കവെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് അദ്ദേഹം ഇത്തരത്തിൽ മറുപടി പറഞ്ഞത്.

നിലവിലുള്ള താരങ്ങളെ നല്ല തുകയ്ക്ക് വിൽക്കാനായാൽ ബാഴ്സക്ക് മെസ്സിയെ തിരികെ കൊണ്ടുവരാനാകും. അതിന് ബാഴ്സക്ക് കഴിയുമെന്നാണ് ഞാൻ കരുതുന്നതെന്നും ടെബാസ് പറഞ്ഞു.എന്നാൽ നിലവിലെ കരാർ അനുസരിച്ച് മെസ്സിക്ക് പി എസ് ജി നൽകുന്നതിനേക്കാൾ കുറഞ്ഞ ശമ്പളമേ ബാഴ്സയ്ക്ക് നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലാലിഗയിലെ സാമ്പത്തിക നിയന്ത്രണങ്ങളെ പറ്റിയും അദ്ദേഹം മനസ്സ് തുറന്നു.പ്രീമിയർ ലീഗിലേതു പോലെ ഫയർ പ്ലേ നടപ്പിലാക്കാൻ ഇവിടെയാവില്ല. വലിയ തുക മുടക്കി താരങ്ങളെ സ്വന്തമാക്കുന്നതിൽ ആശങ്കയുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി വലിയ തുക മുടക്കാതെ കൃത്യമായ സൈനുകളാണ് ലാലിഗയിൽ നടക്കുന്നതെന്നും റയൽ മാഡ്രിഡ് അതിനൊരു ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫയർ പ്ലെ നിയമങ്ങൾ എടുത്തു കളഞ്ഞാൽ ലാലിഗ ക്ലബ്ബുകളെ സ്വന്തമാക്കാൻ പല രാജ്യങ്ങളും രംഗത്ത് വന്നേക്കാം. എന്നാൽ അവർക്ക് അവരുടെ തന്നിഷ്ടപ്രകാരം ഇവിടെ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും ടെബാസ് പറഞ്ഞു.കൃത്യമായ പദ്ധതി ഉണ്ടെങ്കിൽ മെസ്സിയെ തിരികെയെത്തിക്കാം എന്ന ടെബാസിന്റെ വാക്കുകൾ ആരാധകർക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും നിലവിലെ താരങ്ങളെ നല്ലൊരു തുകയ്ക്ക് വിറ്റഴിക്കാൻ ബാഴ്സയ്ക്ക് സാധിക്കുമോ എന്ന കാര്യത്തിൽ ബാഴ്സ ആരാധകർക്ക് ആശങ്കയുണ്ട്.